Seasonal Reflections - 2024

യൗസേപ്പിതാവും വിശ്വാസ പരിശീലനവും

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 22-11-2021 - Monday

വിശ്വാസം വരും തലമുറയ്ക്കു പകർന്നു കൊടുക്കുന്നതിലെ സുപ്രധാനമായ ഒരു കണ്ണികളാണ് മതാദ്ധ്യാപകർ.ഇടവകാതലത്തിൽ ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു പ്രേഷിത വേലയാണ് വിശ്വാസ പരിശീലനം നല്‍കുക എന്നത്. കുട്ടികളിൽ ദൈവികസ്മരണ ഉണർത്തുകയും അത് അവരിൽ എന്നും നിലനിർത്തുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നവരാണ് വിശ്വാസ പരിശീലകർ. ചുരുക്കത്തിൽ ദൈവത്തെ പകർന്നു നൽകുന്ന വിശുദ്ധ കർമ്മമാണത്. രക്ഷാകര ചരിത്രം അതിൻ്റെ പൂർണ്ണതയിൽ ഇളം തലമുറയ്ക്കു മനസ്സിലാക്കി കൊടുക്കുന്ന വിശുദ്ധ പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് മതാദ്ധ്യാപകർ.

മനുഷ്യരിൽ ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന ദൈവീക സാന്നിധ്യമാണ് വിശുദ്ധ യൗസേപ്പിതാവ് .ആ നല്ല പിതാവിനെ ആഗ്രഹത്തോടെ സമീപിക്കുന്ന ആരിലും ദൈവീക സ്മരണ ഉണരുകയും അവ അവരിൽ നിലനിൽക്കുകയും ചെയ്യും. യൗസേപ്പിൻ്റെ പക്കൽ ചെന്നാൻ അവനെപ്പറ്റി സംസാരമില്ല മറിച്ച് ദൈവത്തെക്കുറിച്ചും ദൈവിക ഇടപെടലുകളെക്കുറിച്ചുമാണ് നാം കേൾക്കുന്നത്. ദൈവത്തിൻ്റെ മായാത്ത മുദ്ര തന്നെ സമീപിക്കുന്നവരിൽ പതിപ്പിക്കുക എന്നത് അവൻ്റെ ജീവിത നിയോഗമായിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ഇന്നും അവനതു തുടരുന്നു.

വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീർച്ചയായും മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന സാന്നിധ്യം മാത്രമായിരുന്നില്ല അവൻ, ബാലനായ യേശുവിനു യഹൂദ നിയമത്തിൻ്റെ ചട്ടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ പകർന്നു കൊടുത്ത തീക്ഷ്ണമതിയായ ഒരു വിശ്വാസ പരിശീലകനും ആയിരുന്നു. ഒരു വിശ്വാസ പരിശീലകനു ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ ദൈവഭക്തിയും തീക്ഷ്ണതും വിശുദ്ധ പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും യൗസേപ്പിതാവിൽ രൂഢമൂലമായിരുന്നു.

യൗസേപ്പിതാവിന്റെ പക്കലെത്തി വിശ്വാസ പരിശീലനത്തെ ചിട്ടപ്പെടുത്തുവാനും മാതൃകയാക്കാനും മതാദ്ധ്യാപകർക്കു സാധിക്കട്ടെ.


Related Articles »