News

ക്രൈസ്തവരുടെ കുരുതിക്കളമായ നൈജീരിയയെ മതസ്വാതന്ത്ര്യ ലംഘന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി: യു‌എസ് സ്റ്റേറ്റ് സെക്രട്ടറിയ്ക്കെതിരെ കടുത്ത രോഷം

പ്രവാചകശബ്ദം 24-11-2021 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക പട്ടികയിലെ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ നിന്നും ക്രൈസ്തവരുടെ കുരുതിക്കളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൈജീരിയയെ നീക്കം ചെയ്യുവാനുള്ള യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകളും നയതന്ത്ര പ്രമുഖരും. കടുത്ത ജനരോഷമാണ് ബ്ലിങ്കന്റെ ഈ നടപടിക്കെതിരെ ഉയരുന്നത്. ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് തീരുമാനം പുറത്തുവന്നതെന്നതും നടപടിയെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്.

വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ നല്‍കിയ ഉപദേശപ്രകാരം, സെക്രട്ടറി ഓഫ് സ്റ്റേറ്റ് പുറത്തുവിടുന്ന വാര്‍ഷിക മതസ്വാതന്ത്ര്യ പട്ടികയില്‍ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങള്‍ക്ക് വേണ്ട നിയമപരിധിയില്‍ നൈജീരിയ വരുന്നില്ല എന്നാണ് തന്റെ നടപടിക്ക് പിന്നിലെ കാരണമായി ബ്ലിങ്കന്‍ പറയുന്നത്. ബ്ലിങ്കനല്ലാതെ മറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാരും ഈ നടപടിക്ക് വിശദ്ധീകരണം നല്‍കിയിട്ടില്ല. എന്നാല്‍ നടപടി ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആരോപണം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിഷേധിച്ചിട്ടുണ്ട്. ബ്ലിങ്കന്റെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

'തീവ്രവാദികളുടെ വിജയവും, മനുഷ്യാവകാശവുമായി ബന്ധപ്പെട്ടവരുടെ പരാജയവും' എന്നാണ് മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഫ്രാങ്ക് വോള്‍ഫ് ഈ നടപടിയെ വിശേഷിപ്പിച്ചത്. ഇതിനു പ്രതിഫലമായി നൈജീരിയ എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ലക്ഷകണക്കിന് നൈജീരിയന്‍ പൗരന്‍മാര്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നുണ്ട്. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി അമേരിക്കയില്‍ എത്തിയപ്പോള്‍ ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇക്കാര്യം പിന്നീട് മുഹമ്മദ് ബുഹാരി തന്നെ തുറന്നു പറഞ്ഞു.

Related News: ‍ ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് ട്രംപ് തന്നെ ചോദ്യം ചെയ്തെന്ന് നൈജീരിയൻ പ്രസിഡന്‍റിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ ബൈഡന്‍റെ കീഴിലുള്ള ഭരണകൂടം ഇത് കണ്ടില്ലെന്ന് നടിക്കുകയാണോയെന്ന ചോദ്യം നിരവധി പേര്‍ ഉയര്‍ത്തുന്നുണ്ട്. തങ്ങളുടെ വിദേശ നയത്തിന്റെ കേന്ദ്രബിന്ദു മനുഷ്യാവകാശമാണെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ അവകാശവാദത്തോട് ഈ നടപടി എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന്‍ ചോദിക്കുന്നവരും നിരവധിയാണ്. യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) നൈജീരിയയെ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ചേര്‍ക്കണമെന്ന് 2009-മുതല്‍ ആവശ്യപ്പെട്ടു വരുന്നതാണ്. 2020-ല്‍ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ അപ്രകാരം ചെയ്തിരിന്നു. ബ്ലിങ്കന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണെന്നാണ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചുക്കൊണ്ട് യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »