News - 2026

നൈജീരിയയിൽ 166 ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി; മോചനം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍

പ്രവാചകശബ്ദം 22-01-2026 - Thursday

അബൂജ: നൈജീരിയയിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ച് എത്തിയ സായുധധാരികള്‍ 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. കടൂണ സംസ്ഥാനത്ത് കൂർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്താണ് ആക്രമണം നടന്നത്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന ക്രൈസ്തവ കൂട്ടായ്മയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ സമൂഹത്തിന്റെ കീഴിലെ ഒരു ദേവാലയത്തില്‍ നിന്നുമാണ് ഇത്രയും വിശ്വാസികളെ ആയുധങ്ങളുമായി എത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഉള്‍വനത്തിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്.

177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികളെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്‌തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രാദേശിക പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും മോചനം ഇതുവരെ സാധ്യമായിട്ടില്ല. സംഭവം അപലപനീയമാണെന്നും വിശ്വാസികളുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നും യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റിൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സിഎസ്ഡബ്ല്യു) നൈജീരിയൻ അധികാരികളോട് ആവശ്യപ്പെട്ടു.

തട്ടിക്കൊണ്ടുപോയവരെയും നൈജീരിയയുടെ മധ്യ, വടക്കൻ സംസ്ഥാനങ്ങളിൽ നിലവിൽ തീവ്രവാദികളുടെ തടവിൽ കഴിയുന്ന മറ്റ് ബന്ദികളെയും മോചിപ്പിക്കാൻ കഴിവിന്റെ പരമാവധി ഇടപെടല്‍ നടത്തണമെന്ന് പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ സൈനിക ഇടപെടലുകളെ അഭിനന്ദിക്കുന്നതിനൊപ്പം, ദുർബലരായ ആളുകളെ ലക്ഷ്യംവെച്ചുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിക്കുകയാണെന്ന് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റവ. യൂനുസ സാബോ ന്മാഡു പറഞ്ഞു. രാജ്യം അനുഭവിക്കുന്ന സുരക്ഷാ പ്രതിസന്ധിയുടെ വ്യാപ്തിയും തീവ്രതയും വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണ സംഭവം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »