News

ദേവാലയ മണി ഒരുമിച്ചു മുഴങ്ങും: സിംഗപ്പൂര്‍ സഭയുടെ 200ാമത് വാര്‍ഷികാഘോഷം സമാപനത്തിലേക്ക്

പ്രവാചകശബ്ദം 04-12-2021 - Saturday

സിംഗപ്പൂർ : തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ സിംഗപ്പൂരിലെ കത്തോലിക്ക സഭയുടെ സാന്നിധ്യത്തിന് രണ്ട് നൂറ്റാണ്ട് പൂര്‍ത്തിയായതിനോടനുബന്ധിച്ച് ഒരുവര്‍ഷമായി നടന്നുവന്നിരുന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് ഇന്നു തുടക്കമാകും. “വിശ്വാസത്താല്‍ ജ്വലിക്കുകയും, തിളങ്ങുകയും ചെയ്യുക” എന്ന പ്രമേയവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്നിരുന്ന “കാത്തലിക് 200എസ്ജി” ആഘോഷപരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ഇന്നു ഡിസംബര്‍ 4ന് ആരംഭിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് സിംഗപ്പൂര്‍ സഭ പദ്ധതിയിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദേവാലയമായ ഓഫ് ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രലില്‍വെച്ച് ഡിസംബര്‍ 11-ന് വൈകിട്ട് 6 മണിക്ക് ആര്‍ച്ച് ബിഷപ്പ് വില്ല്യം ഗോ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയായിരിക്കും വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുക. അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാരെക് സലേവ്സ്കിയായിരിക്കും സഹകാര്‍മ്മികന്‍. ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് എല്ലാ ദേവാലയമണികളും ഒരേസമയത്ത് ഒരു മിനിറ്റ് നേരത്തേക്ക് ഒരുമിച്ച് മുഴക്കും. സമാപന കുര്‍ബാനയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്സ്യെൻ ലൂങും ഉള്‍പ്പെടുന്നുണ്ട്.

കത്തീഡ്രല്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ്, ക്വീന്‍സ് സ്ട്രീറ്റിലെ വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും ദേവാലയം, വിക്ടോറിയ സ്ട്രീറ്റിലെ സെന്റ്‌ ജോസഫ്സ് ദേവാലയം വാട്ടര്‍ലൂ സ്ട്രീറ്റിലെ കാത്തലിക് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന മിഷന്‍ ജില്ല കേന്ദ്രമാക്കി ഏതാണ്ട് നൂറോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കല, സാമൂഹികം, പ്രഭാഷണങ്ങള്‍, ആത്മീയം എന്നീ നാല് വിഭാഗങ്ങളിലായിട്ട് യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും,, കുടുംബങ്ങള്‍ക്കും, സന്യസ്തര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് മെത്രാപ്പോലീത്ത വില്ല്യം ഗോ വിര്‍ച്വലായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സിംഗപ്പൂര്‍ സഭയുടെ 200-മത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. സിംഗപ്പൂര്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായേക്കാവുന്ന ഈ പരിപാടി കത്തോലിക്കരെ ശക്തിപ്പെടുത്തുവാനുള്ള അവസരമാണെന്നാണ് മെത്രാപ്പോലീത്ത വില്ല്യം ഗോ അന്ന് പറഞ്ഞത്.

1821 ഡിസംബര്‍ 11-ന് ഫ്രാന്‍സില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള വിശുദ്ധ ലോറന്റ് മേരി ജോസഫിന്റെ വരവാണ് സിംഗപ്പൂരിലെ കത്തോലിക്കാ സഭയുടെ ആരംഭമെന്ന നിലയില്‍ ചരിത്രപരമായി അറിയപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹിക സേവനം തുടങ്ങീയ മേഖലകളിലൂടെ സിംഗപ്പൂരിന്റെ രാഷ്ട്രനിര്‍മ്മിക്ക് മഹത്തായ സംഭാവനകള്‍ നല്‍കുവാന്‍ കത്തോലിക്ക സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. 56 ലക്ഷത്തോളം വരുന്ന സിംഗപ്പൂര്‍ ജനസംഖ്യയുടെ 15% ക്രിസ്ത്യാനികളാണ്. സിംഗപ്പൂര്‍ അതിരൂപതയുടെ 32 ഇടവകകളിലായി 3,60,000­-ത്തോളം കത്തോലിക്കരാണുള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »