India - 2024
സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അലംഭാവം അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി
12-12-2021 - Sunday
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ തുറന്നുവിട്ടതിലൂടെ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അലംഭാവം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഡാമിന്റെ ബലക്ഷയം കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി വര്‍ഷങ്ങളായി തെളിയിക്കപ്പെട്ടിട്ടും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കേരളത്തിലെ ഭരണാധികാരികളുടെ നിസംഗതയും നിഷ്ക്രിയത്വവും സംശയാസ്പദമാണ്.
മേല്‍നോട്ട സമിതിയില്‍ തമിഴ്നാടിനുള്ള മുന്‍തൂക്കവും വൈകാരികമായുള്ള പ്രതികരണങ്ങളും കേരളത്തിനു ഭീഷണിയാണ്. ഇതു തിരിച്ചറിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. നേതൃസമ്മേളനം ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.