News - 2025

മരിയൻ പ്രദക്ഷിണത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ: അപലപിച്ച് ഫ്രഞ്ച് ആഭ്യന്തരമന്ത്രി

പ്രവാചകശബ്ദം 13-12-2021 - Monday

പാരീസ്: പാരീസിന് സമീപം നടന്ന മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ കത്തോലിക്ക വിശ്വാസികളെ ഭീഷണിപ്പെടുത്തിയ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തിയെ അപലപിച്ച് ഫ്രഞ്ച് അഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ. അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയെന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പൂർണമായ സമാധാനത്തോടെ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ രാജ്യത്ത് സാധിക്കണമെന്നും കത്തോലിക്ക വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതിയാണ് നന്റേരെ എന്ന സ്ഥലത്ത് വിളക്കുകൾ കരങ്ങളില്‍പിടിച്ച് പ്രദക്ഷിണത്തിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്ക വിശ്വാസികളുടെ നേരെ അസഭ്യവർഷവും, ഭീഷണിയും ഇസ്ലാമിസ്റ്റുകൾ നടത്തിയത്.

സെന്റ് ജോസഫ് ഡെൽ ഫോണ്ടെനെല്ലിസ് എന്ന ചാപ്പലിൽ നിന്നും സെന്റ് മേരി ഡെൽ ഫോണ്ടെനെല്ലിസ് എന്ന ഇടവക ദേവാലയത്തിലേക്ക് അധികൃതർ അംഗീകാരം നൽകിയ വഴിയിലൂടെ 30 വിശ്വാസികളാണ് നടന്നുനീങ്ങിയതെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ട് പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്ഥലമെത്തിയപ്പോൾ വിദ്വേഷ വാക്കുകൾ ഏതാനും അജ്ഞതരിൽ നിന്നും നേരിടേണ്ടിവന്നുവെന്ന് സെന്റ് മേരി ഡെൽ ഫോർട്ടനെല്ലിസ് ദേവാലയത്തിൽ ഡീക്കനായി സേവനം ചെയ്തു വരുന്ന ജിയാൻ മാർക്ക് സെർട്ടിലാഞ്ച് ലീ ഫിഗാരോയോടു പറഞ്ഞു.

"കാഫിർ, നിങ്ങളുടെ കഴുത്തറക്കുമെന്ന് ഖുറാനിൽ തൊട്ട് സത്യം ചെയ്യുന്നു" തുടങ്ങിയ വിദ്വേഷ വാചകങ്ങൾ ഉപയോഗിച്ചാണ് ക്രൈസ്തവർക്ക് നേരെ അവർ ഭീഷണി മുഴക്കിയത്. തങ്ങളുടെ നേരെ അജ്ഞാത സംഘം വെള്ളം ഒഴിച്ചുവെന്നും, ടോർച്ച് പിടിച്ചുവാങ്ങി തങ്ങള്‍ക്ക് നേരെ എറിഞ്ഞുവെന്നും ജിയാൻ മാർക്ക് വെളിപ്പെടുത്തി. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തെ അപലപിച്ച പ്രാദേശിക ഭരണകൂടം, കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരുമെന്ന് ഡിസംബർ പതിനൊന്നാം തീയതി വ്യക്തമാക്കി.

പത്തൊമ്പതാം നൂറ്റാണ്ടിലെ രക്തസാക്ഷികളെ സ്മരിക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസം പാരീസിൽ സംഘടിപ്പിക്കപ്പെട്ട റാലിയും സമാനമായ വിധത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. ദി ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ ഇൻ യൂറോപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഫ്രാൻസിൽ 159 വിദ്വേഷ ആക്രമണങ്ങളാണ് ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. അഭയാര്‍ത്ഥികളായി ഫ്രാന്‍സില്‍ നിലയുറപ്പിച്ചവര്‍ നടത്തുന്ന ആക്രമണങ്ങളാണ് രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഫ്രാന്‍സില്‍ തീവ്ര ഇസ്ളാമിക പ്രബോധനങ്ങള്‍ നല്‍കുന്ന നിരവധി മോസ്ക്കുകള്‍ ഭരണകൂടം ഇടപ്പെട്ട് അടച്ചുപൂട്ടിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 721