News - 2025

ബഹ്റൈനിലെ കത്തീഡ്രല്‍ ദേവാലയം ഉദ്ഘാടനം ചെയ്ത് രാജാവിന്റെ പ്രതിനിധി: കൂദാശ ഇന്ന്

പ്രവാചകശബ്ദം 10-12-2021 - Friday

മനാമ: അറേബ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം എന്ന പേരോടെ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഉദ്ഘാടനം ചെയ്തു, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ പ്രത്യേക പ്രതിനിധി, ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, ഉത്തര അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ, ബഹ്‌റൈനിലെയും കുവൈറ്റിലെയും അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിലായിരിന്നു ദേവാലയം തുറന്നത്.

ഇന്ന്‍ ഡിസംബർ 10 വെള്ളിയാഴ്ച കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ നാളെ ദേവാലയത്തിന്റെ കൂദാശ തിരുകർമങ്ങൾ നടക്കും. ബഹ്റൈൻ സമയം രാവിലെ 10.00ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) കൂദാശ തിരുക്കർമ്മങ്ങള്‍ ആരംഭിക്കും. ബിഷപ്പ് പോൾ ഹിൻഡർ, ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവര്‍ സഹകാര്‍മ്മികരാകും. ​ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുളള അവാലിയിലാണ് 95,000 ചതുരശ്ര അടിയോളം വരുന്ന ദേവാലയം സ്ഥിതി ചെയ്യുന്നത്.

ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ ദേവാലയം. രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് ഒരു പെട്ടകത്തിന്റെ ആകൃതിയില്‍ 2,300-നടുത്ത് ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കത്തീഡ്രലിന്റെ വശങ്ങളില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.2014 മേയ് 19ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ രാജാവ് കത്തീഡ്രലിന്റെ ചെറുമാതൃക മാര്‍പാപ്പക്ക് സമ്മാനിച്ചിരുന്നു.

➤ Originally published: 09/12/2021

➤ News updated 10/12/2021

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 720