News - 2025
നൈജീരിയയില്‍ അക്രമത്തിനു ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യവും സഹായവുമായി കത്തോലിക്ക മെത്രാന്മാര്‍
പ്രവാചകശബ്ദം 15-12-2021 - Wednesday
അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തില്‍ നവംബര്‍ അവസാനത്തില്‍ ഉണ്ടായ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളുടെ ആക്രമണത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭാനേതൃത്വം. നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രതിനിധി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അക്രമത്തിനിരയായവരെ ആശ്വസിപ്പിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 26-ന് മിയാന്‍ഗോയിലെ ടാഗ്ബെ കമ്മ്യൂണിറ്റിയില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനി തീവ്രവാദികളെന്ന്‍ സംശയിക്കപ്പെടുന്നവര്‍ നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ജോസ് അതിരൂപതാ മെത്രാപ്പോലീത്ത മാത്യു ഇഷായ ഔഡു, പാന്‍ക്ഷിന്‍ രൂപതാധ്യക്ഷന്‍ മൈക്കേല്‍ ഗോബാല്‍ ഗോകും, ഷെന്‍ഡാം രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫിലിപ്പ് ദാവൌ ഡുങ്ങ് എന്നിവരടങ്ങുന്ന പ്രതിനിധിസംഘം ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ബാസാ പ്രാദേശിക സര്‍ക്കാരിന്‍ കീഴിലുള്ള മിയാങ്ങോ ചീഫ്ഡം സന്ദര്‍ശിച്ചത്. സംഭവ സ്ഥലം സന്ദര്‍ശിച്ച മെത്രാന്മാര്‍ അക്രമത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
“നിങ്ങള്‍ തനിച്ചല്ല എന്ന് അറിയിക്കുവാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്” എന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഔഡു ദൈവം നിങ്ങളുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനും, ഈ സ്ഥലത്തിനും, സംസ്ഥാനത്തിനും നൈജീരിയ മൊത്തത്തിലുമായി സമ്പൂര്‍ണ്ണ സമാധാനം പ്രദാനം ചെയ്യുന്നതിനും വേണ്ടി നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും കൂടിയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അക്രമികളോട് ക്ഷമിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. “കൊലപാതകത്തിന്റെ തിരമാലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്” എന്ന വിശേഷണവുമായി രാജ്യത്തെ പ്രമുഖ ക്രിസ്ത്യന്‍, മുസ്ലീം നേതാക്കള്‍ നൈജീരിയയിലെ കൊലപാതകങ്ങളെ അപലപിച്ചതിന്റെ പിറ്റേദിവസമായിരുന്നു മെത്രാന്മാരുടെ സന്ദര്‍ശനം.
അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കി ഒത്തൊരുമയോടെ നൈജീരിയന്‍ ജനതയുടെ പൊതു നന്മക്കായി പോരാടണമെന്ന് “ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ” (സി.എ.എന്‍) നൈജീരിയയിലെ സുരക്ഷ ഏജന്‍സികളോട് ആഹ്വാനം ചെയ്തു. ഡിസംബര്‍ 8-ന് നൈജര്‍ സംസ്ഥാനത്തില്‍ 16 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തേയും, സൊകോട്ടോ സംസ്ഥാനത്തില്‍ ബസ് യാത്രികരായ 23 പേരെ കൊലപ്പെടുത്തിയതിനേയും അപലപിച്ചുക്കൊണ്ട് ‘സി.എ.എന്നും, ജമാ’അത്ത് നസ്രില്‍ ഇസ്ലാമും പ്രസ്താവനകള്‍ പുറത്തുവിട്ടിരുന്നു. തീവ്രവാദം എന്ന തിന്മയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍ ഫെഡറല്‍ സര്‍ക്കാരിനോടും വടക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍മാരോടും സി.എന്‍.എന്‍ റീജിയണല്‍ വൈസ് ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയാബ് ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ആഫ്രിക്കന്‍ രാഷ്ട്രമാണ് നൈജീരിയ. പലപ്പോഴും ഇരകളാകുന്നത് ക്രൈസ്തവരാണ്.