News - 2025
വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന് ഇസ്രായേല്‍ പ്രതിജ്ഞാബദ്ധം: പ്രഖ്യാപനവുമായി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും
പ്രവാചകശബ്ദം 31-12-2021 - Friday
ജെറുസലേം: വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന ക്രിസ്ത്യന്‍ സഭാ തലവന്‍മാരുടെ പൊതു പ്രസ്താവനകള്‍ക്ക് പിന്നാലെ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രസിഡന്റും, ആഭ്യന്തര മന്ത്രിയും. വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് വേണ്ടി ഇസ്രായേല്‍ പ്രസിഡന്റ് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. വിശുദ്ധ നാട്ടിലെ എല്ലാത്തരം വിഭാഗീയതകളും അവസാനിപ്പിക്കുമെന്നും ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗും, ആഭ്യന്തര മന്ത്രി അയെലെറ്റ് ഷാക്ക്ഡും പ്രഖ്യാപിച്ചു.
വിശുദ്ധ നാട്ടിലെ ഓരോ ക്രിസ്ത്യന്‍ വിഭാഗവും ഓരോ അനുഗ്രഹമാണെന്നും, ഇസ്രായേല്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഹെര്‍സോഗ് പറഞ്ഞു. നമ്മള്‍ എല്ലാവരും ഒരേദൈവത്തിന്റെ മക്കളാണ്. മധ്യപൂര്‍വ്വേഷ്യയിലെ വിവിധ വിശ്വാസങ്ങള്‍ക്കിടയില്‍ ഒരു പുതിയ പങ്കാളിത്തം ഉണ്ടാക്കുവാന്‍ പറ്റിയ സമയം ഇതാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന്‍ ഉറപ്പ് നല്‍കിയ ഹെര്‍സോഗ് എല്ലാതരത്തിലുള്ള വംശീയ വിഭാഗീയതകളേയും, തീവ്രവാദത്തേയും, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ ഭീഷണികളേയും ഇല്ലാതാക്കുമെന്നും, സമാധാനത്തിന്റേയും, സഹിഷ്ണുതയുടേയും മേഖ.ലകള്‍ വലുതാക്കുവാന്‍ ഒരുമിച്ച് ശ്രമിക്കാമെന്നും പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. ഇസ്രായേലിലെ ക്രിസ്ത്യന്‍ സമുദായം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയിരിന്നു.
ഹെര്‍സോഗിന്റേയും അയെലെറ്റിന്റേയും പ്രഖ്യാപനങ്ങളെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ അഭിനന്ദിച്ചു. വിവിധ മതസമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഒരു രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ സമൂഹത്തിന്റെ പൊതുനന്മക്കായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരെ നേരിട്ടുള്ള ആക്രമണമാണെന്നും, ഇതിനെ തടയുവാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ബുധനാഴ്ച സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യന്‍ നേതാക്കള്‍ പങ്കെടുത്തു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക