News - 2025
കാട്ടുതീക്ക് ഇരയായവര്‍ക്ക് കൈത്താങ്ങ്: അടിയന്തിര സഹായ നിധിയുമായി ഡെന്‍വര്‍ അതിരൂപത
പ്രവാചകശബ്ദം 03-01-2022 - Monday
കൊളറാഡോ: അമേരിക്കന്‍ സംസ്ഥാനമായ കൊളറാഡോയിലെ ഡെന്‍വറില്‍ കനത്ത നാശം വിതച്ച കാട്ടുതീക്കിരയായവരുടെ സഹായത്തിനായി ഡെന്‍വര്‍ അതിരൂപത അടിയന്തിര സഹായ നിധി പ്രഖ്യാപിച്ചു. ഡെന്‍വര്‍ മെത്രാപ്പോലീത്ത സാമുവല്‍ അക്വിലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2,50,000 ഡോളറാണ് ഡെന്‍വര്‍ അതിരൂപത സഹായനിധിയ്ക്കായി സംഭാവന ചെയ്തിരിക്കുന്നത്. സഹായ നിധിക്ക് പുറമേ, ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് മെത്രാപ്പോലീത്ത അതിരൂപതയിലെ ഇടവകകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീ വടക്ക്പടിഞ്ഞാറന്‍ മെട്രോ ഡെന്‍വര്‍ പട്ടണങ്ങളായ സുപ്പീരിയറിലേയും, ലൂയിസ് വില്ലേയിലേയു 6,000 ഏക്കര്‍ സ്ഥലത്തേക്ക് പടര്‍ന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിഷപ്പ് പറഞ്ഞു.
സെന്റ് ലൂയീസ്, സേക്രഡ് ഹാര്‍ട്ട് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവക ജനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ഭവനങ്ങള്‍ നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അഭയം നല്‍കുക, ഭക്ഷണ വിതരണത്തിനുള്ള സഹായം സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്നൈറ്റ്സ് ഓഫ് കൊളംബസ് കൗണ്‍സില്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
ജനുവരി 8-9 തിയതികളിലെ വിശുദ്ധ കുര്‍ബാനക്കിടയിലെ സ്തോത്രക്കാഴ്ച കാട്ടുതീ നാശനഷ്ടം വിതച്ച മേഖലകളിലുള്ളവരുടെ സഹായത്തിനായി രൂപം നല്‍കിയിരിക്കുന്ന അടിയന്തിര ദുരിതാശ്വാസ നിധിയിലേക്കായിരിക്കും സ്വീകരിക്കുകയെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഡിസംബര്‍ 30-ന് വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന്‍ ഡെന്‍വറിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്താണ് കാട്ടുതീ ഉണ്ടായത്. ശക്തമായി വീശിയ കാറ്റ് സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഏതാണ്ട് ആയിരത്തോളം വീടുകളാണ് കത്തിനശിച്ചത്. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ദുരന്തങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.