News - 2025
കാലിഫോര്‍ണിയ കാട്ടുതീ: ഇരയായവര്‍ക്ക് കൈത്താങ്ങായി കത്തോലിക്ക സംഘടന
സ്വന്തം ലേഖകന്‍ 15-11-2018 - Thursday
കാലിഫോര്‍ണിയ: അമേരിക്കയെ നടുക്കി ഒരാഴ്ചയായി വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന കാട്ടുതീയില്‍ സകലതും നഷ്ടപ്പെട്ടവരെ സഹായിക്കുവാന്‍ കത്തോലിക്ക സന്നദ്ധ സംഘടന സജീവമായി രംഗത്ത്. അയല്‍സംസ്ഥാനങ്ങളിലെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് കത്തോലിക്കാ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രാദേശിക സംഘടനയുടെ സഹകരണത്തോടെ നവംബര്‍ 16 മുതല്‍ ട്രക്കുകളില്‍ അവശ്യ സാധനങ്ങള്‍ കയറ്റി അയച്ചുകൊണ്ടിരിക്കുകയാണെന്ന് കാത്തലിക് ചാരിറ്റീസ് ഓഫ് നോര്‍ത്തേണ്‍ നെവാഡന്റെ പ്രധാന പ്രോഗ്രാം ഓഫീസറായ വെറ്റെ മെയര്‍ അറിയിച്ചു.
കാട്ടുതീക്ക് ഇരയായവര്‍ക്ക് വേണ്ട ചൂട് വസ്ത്രങ്ങള്‍, ഷൂസ്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, പുതപ്പ്, കോട്ടുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങളും, സംഭാവനകളും സമാഹരിച്ചു കൊണ്ടിരിക്കുകയാണെന്ന് സിസിഎന്‍എന്‍ന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ മാറ്റ് വോഗന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സാക്രമന്റോയിലെ കത്തോലിക്ക സംഘടനക്കു പുറമേ, സംഘടനയുടെ വിവിധ ശാഖകളുമായും ബന്ധപ്പെടുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വടക്കന്‍ കാലിഫോര്‍ണിയയില്‍ ഇപ്പോഴും അഗ്നി താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. പാരഡൈസ് നഗരം തീപിടുത്തത്തില്‍ കത്തിയമര്‍ന്നു. ഇതുവരെ 48 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണനിരക്ക് ഇനിയും ഉയരുവാനാണ് സാധ്യത. 230 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാദേശിക പോലീസ് പറയുന്നത്. ഏതാണ്ട് ആറായിരത്തിഅഞ്ഞൂറിലധികം വീടുകളാണ് കത്തി നശിച്ചിരിക്കുന്നത്. തീപടര്‍ന്നു പിടിച്ച എല്ലാ വീടുകളിലും ആളുകള്‍ ഉണ്ടോയെന്ന് പൂര്‍ണമായും തീര്‍ച്ചപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടുണ്ട്.