India - 2024
മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: സീറോമലബാർ സഭാ സിനഡ്
പ്രവാചകശബ്ദം 12-01-2022 - Wednesday
കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ലക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികൾ ഇതിനോടകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരിവച്ചിട്ടുള്ളതാണ്. ഡാമിന്റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകട ഭീഷണിയിലുമാണ് കഴിയുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി.
പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തിൽ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് സിനഡ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് അടുത്തതായി പരിഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.