News

യൂറോപ്പിന്റെ വേരുകൾ വീണ്ടും കണ്ടെത്തണം: ലെയോ പാപ്പ

പ്രവാചകശബ്ദം 29-09-2026 - Tuesday

മെറ്റ്സ്: യൂറോപ്പിന്റെ വേരുകൾ വീണ്ടും കണ്ടെത്തണമെന്നും യൂറോപ്പിനെ, ഭൗമീക അതിരിനെക്കാൾ ഉപരിയായി, സാംസ്കാരികവും ചരിത്രപരവുമായ ഒരു യാഥാർത്ഥ്യമായി വേണം യൂറോപ്പിനെ മനസ്സിലാക്കാനെന്നും ലെയോ പാപ്പ. ഫ്രാൻസിലെ അപ്പസ്തോലിക സന്ദർശന വേളയിൽ, മെറ്റ്സ് നഗരത്തിലെ റോബർട്ട് ഷൂമാൻ ശാലയിൽ നടന്ന "യൂറോപ്പിന്റെ വേരുകളിലേക്ക്, സമാധാനത്തിനും ഐക്യത്തിനും" എന്ന സമ്മേളനത്തിൽ സംബന്ധിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. യൂറോപ്പിന്റെ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച വ്യക്തികളെ പാപ്പ പ്രത്യേകം പരാമർശിച്ചു. സമ്മേളനത്തിനെത്തിയ പാപ്പയെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോൺ സ്വാഗതം ചെയ്തു സംസാരിച്ചു.

"സമാധാനത്തിനും ഐക്യത്തിനും വേണ്ടി യൂറോപ്പിന്റെ വേരുകളിലേക്ക്" എന്ന പ്രമേയത്തിൽ നടക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്കുള്ള സന്തോഷം എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ, തന്റെ സന്ദേശം ആരംഭിച്ചത്. യൂറോപ്പിന്റെ ഭൂതകാലത്തെക്കുറിച്ചോ വർത്തമാനകാലത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ അതിനെ കൃത്യമായി നിർവചിക്കുക എന്നത് എപ്പോഴും പ്രയാസകരമാണെന്നും, ഹെല്ലനിസ്റ്റിക് സംസ്‌കാരം, റോമൻ സാമ്രാജ്യം, പിന്നീട് ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനം എന്നിവയിലൂടെയാണ് യൂറോപ്പ് അതിന്റെ സ്വത്വം കെട്ടിപ്പടുത്തതെന്നും പാപ്പ പറഞ്ഞു.

നൂറ്റാണ്ടുകളിലൂടെ വളർച്ചയുടെയും ആഴത്തിലുള്ള പ്രതിസന്ധികളുടെയും പുതിയ തുടക്കങ്ങളുടെയും ഘട്ടങ്ങളിലൂടെ അതിന്റെ നിർവ്വചനങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഭൂതകാലത്തിന്റെ മികച്ച വശങ്ങൾ ഉൾക്കൊള്ളാനും മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലുകളിലൂടെ അവയെ സർഗ്ഗാത്മകമായി പുനരാവിഷ്കരിക്കാനും സാധിച്ചപ്പോഴൊക്കെ യൂറോപ്പ് പുരോഗമിച്ചിട്ടുണ്ടെന്നാണ് അതിന്റെ ചരിത്രം തെളിയിക്കുന്നതെന്നു പാപ്പ പറഞ്ഞു. യൂറോപ്പിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുമ്പോൾ 1964-ൽ പോൾ ആറാമൻ പാപ്പാ, യൂറോപ്പിന്റെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ച വിശുദ്ധ ബെനഡിക്ടിനെ വിസ്മരിക്കുവാനാവില്ല.

പാവപ്പെട്ടവരുടെയും രോഗികളുടെയും പരിചരണം, വിദ്യാഭ്യാസം, ആശുപത്രികൾ, ശാസ്ത്രം, നിയമം, നഗരങ്ങളുടെയും രാജ്യങ്ങളുടെയും ഘടന എന്നിവയിലെല്ലാം വിശുദ്ധ ബെനഡിക്ടിന്റെയും അദ്ദേഹത്തിന്റെ സഭാംഗങ്ങളുടെയും സ്വാധീനം വളരെ വലുതാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെ പരാമർശിക്കാതെ യൂറോപ്പിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലായെന്ന് റോബർട്ട് ഷുമാൻ വ്യക്തമാക്കിയിട്ടുണ്ടെന്നും, ജാതി, വർഗ്ഗം, വർണ്ണം, തൊഴിൽ എന്നിവയുടെ വിവേചനമില്ലാതെ സകല മനുഷ്യരും ഒരേ ദൈവത്തിന്റെ മക്കളാണെന്ന സമത്വവും തൊഴിലിന്റെ അന്തസ്സും പഠിപ്പിച്ചത് ക്രൈസ്തവ ദർശനമാണെന്നും പാപ്പ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »