News

പോളണ്ടിൽ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് ക്ഷമിച്ച് വൈദികൻ

പ്രവാചകശബ്ദം 29-09-2026 - Tuesday

വാര്‍സോ: യുക്രൈന്‍ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തില്‍ ആക്രമണം നടത്തിയ പ്രതിയോട് ക്ഷമിച്ച് കുത്തേറ്റ വൈദികന്‍. കഴിഞ്ഞ ആഴ്ച തെക്കു കിഴക്കൻ പോളണ്ടിൽ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒരു കത്തോലിക്ക വൈദികൻ കൊല്ലപ്പെടുകയും മൂന്ന് വൈദികർ ഉൾപ്പെടെ അഞ്ചുപേർക്ക് ആക്രമണത്തിൽ പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫാ. അഡ്രിയാൻ മാന്റിക്വിവിച്ച് എന്ന വൈദികന്‍ ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച നടത്തിയ പ്രസംഗത്തിലാണ് ക്രിസ്തീയ ക്ഷമയുടെ മഹത്തായ മാതൃക പ്രഘോഷിച്ചത്.

തലയിൽ കെട്ടിയിരുന്ന ബാൻഡേജിന് താഴെ മുറിവേറ്റ പാടുകൾ സഹിതമാണ് അദ്ദേഹം അള്‍ത്താരയിലെത്തിയത്. എന്ത് സംഭവിച്ചാലും ശരി, ഇവിടെ നമ്മുടെ ആശ്രമത്തിൽ അരങ്ങേറിയ തിന്മയെ, നന്മയും സ്നേഹവും ക്ഷമയും കൊണ്ട് നാം അതിജീവിക്കണമെന്നു അദ്ദേഹം പറഞ്ഞു. കാരണം ഇത് എല്ലാവരെയും ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് ക്ഷമിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ ആക്രമണത്തിന് ഉത്തരവാദി ഒരാൾ മാത്രമായതിനാൽ യുക്രേനിയൻ ജനതയെ കുറ്റപ്പെടുത്തരുതെന്നും ഫാ. അഡ്രിയാൻ പറഞ്ഞു.

യുക്രൈന്‍ അതിർത്തിക്കടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഠം, റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത നിരവധി ആളുകൾക്ക് സഹായം നൽകിയിട്ടുണ്ട്. ഈ ക്രൂരകൃത്യം ചെയ്ത വ്യക്തി ഉൾപ്പെടുന്ന രാജ്യത്തെ കുറ്റപ്പെടുത്തരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ഞങ്ങൾ ക്ഷമിക്കുന്നുവെന്നും ഞങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും വളരെ ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ അത് മരണമടഞ്ഞ വൈദികന്റെയും പരിക്കേറ്റ വൈദികരുടെ ശബ്ദമാണെന്നും ഫാ. മാന്റിക്വിവിച്ച് പറഞ്ഞു.

ആക്രമണം നടത്തിയ വ്യക്തിക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ അദ്ദേഹം അഭ്യര്‍ത്ഥന നടത്തി. പ്രത്യേകിച്ച് "മനസ്സ് മാറാനുള്ള കൃപ" ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണം. അദ്ദേഹത്തിനാണ് ഈ പ്രാർത്ഥന ഏറ്റവും ആവശ്യം. തിന്മയ്ക്ക് തിന്മയല്ല, മറിച്ച് സ്നേഹം, പിന്തുണ, പരസ്പര ധാരണ, കരുതൽ എന്നിവയാണ് മറുപടിയായി നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആശ്രമത്തില്‍ ആക്രമണം അരങ്ങേറിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാ. സ്റ്റാനിസ്ലാവ് സ്ബോയ്നോവിച്ച് (67) ആണ് മരിച്ചത്. ആക്രമണം നടത്തിയ യുക്രൈന്‍ പൗരനെ യാരോസ്ലാവ് പോലീസ്, അറസ്റ്റ് ചെയ്തു. പരിക്കേറ്റവരില്‍ ഫാ. മാരെക് പിയൻകോവ്സ്കി എന്ന വൈദികന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »