News - 2025

വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്

പ്രവാചകശബ്ദം 13-01-2022 - Thursday

ജെറുസലേം: വിശുദ്ധ നാടായ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് ഇസ്രായേല്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട വിവരമനുസരിച്ച് ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,82,000 ക്രൈസ്തവരാണ് നിലവില്‍ ഇസ്രായേലില്‍ താമസിക്കുന്നത്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 1.9 ശതമാനത്തോളം വരുമിത്‌. 2020-ല്‍ ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 1.4 ശതമാനമായിരുന്നു. ഇസ്രായേലിന്റെ തുടക്കം മുതലേ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളുവെന്നത് ശ്രദ്ധേയമാണ്.

രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ വളര്‍ച്ചയുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ 1949-ല്‍ 34,000-ത്തോളം വരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 1970 ആയപ്പോഴേക്കും 75,000 ആയി ഉയര്‍ന്നു. 1990 ആയപ്പോഴേക്കും 1,15,000 ആയി. 2019 ആയപ്പോള്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1,80,000-ത്തിലധികമായി ഉയര്‍ന്നിരുന്നു. അതേസമയം ഇസ്രായേലിലെ മുസ്ലീം, യഹൂദ ജനസംഖ്യയുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1949-ല്‍ 1,11,000 ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2019 ആയപ്പോഴേക്കും 16 ലക്ഷമായി ഉയര്‍ന്നിരുന്നു. 1949-ല്‍ 11.7 ലക്ഷമുണ്ടായിരുന്ന യഹൂദ ജനസംഖ്യ 2019 ആയപ്പോഴേക്കും 66.9 ലക്ഷമായി ഉയര്‍ന്നു. 2020-ല്‍ സെന്‍ട്രല്‍ ബ്യൂറോ പുറത്തുവിട്ട വിവരമനുസരിച്ച് ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ 76.7 ശതമാനവും പലസ്തീനിയന്‍ അറബികള്‍ ആണ്. ഇവരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് താമസിക്കുന്നത്.

അറബ് വംശജരല്ലാത്ത ക്രൈസ്തവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് ജാഫാ, ടെല്‍ അവീവ് മേഖലകളിലാണ്. അതേസമയം ഇസ്രായേലില്‍ സ്ഥിരതാമസക്കാരായ ക്രൈസ്തവര്‍ മാത്രമേ സെന്‍ട്രല്‍ ബ്യൂറോയുടെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. ഇസ്രായേലില്‍ ഹൃസ്വ-ദീര്‍ഘ കാലയളവില്‍ ജോലിചെയ്യുന്ന പതിനായിരികണക്കിന് വിദേശികളായ ക്രൈസ്തവരുടെ കാര്യം കണക്കുകളില്‍ പറയുന്നില്ല. ഇസ്രായേലിലെ ക്രൈസ്തവരില്‍ 84% തങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ സംതൃപ്തരാണെന്ന് കണക്കുകളില്‍ പറയുമ്പോഴും സമീപകാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കുമെതിരെ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.


Related Articles »