News - 2024

യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യൂറോപ്പിലെ മെത്രാന്മാര്‍

പ്രവാചകശബ്ദം 24-01-2022 - Monday

വത്തിക്കാന്‍ സിറ്റി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈനെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാരുടെ പ്രസ്താവന. പ്രതിസന്ധിയുടേതായ ഈ സമയത്ത് യുക്രൈന്റെ സമാധാനത്തിനായും, ഈ പ്രതിസന്ധിക്ക് ഉത്തരവാദികളായവര്‍ സമാധാനം പ്രസരിപ്പിക്കുവാനും, ചര്‍ച്ചകളിലൂടെ പ്രതിസന്ധി മറികടക്കുവാനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ക്രൈസ്തവരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് യൂറോപ്യന്‍ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന് (സി.സി.ഇ.ഇ) വേണ്ടി വില്‍നിയൂസ് മെത്രാപ്പോലീത്ത ജിണ്ടാരാസ് ഗ്രുസാസ് പ്രസ്താവിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിലെ മഹായുദ്ധങ്ങള്‍ മറക്കരുതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അന്താരാഷ്‌ട്ര നിയമങ്ങളും, ഓരോ രാഷ്ട്രത്തിന്റേയും സ്വാതന്ത്ര്യവും, പരമാധികാരവും സംരക്ഷിക്കണമെന്നും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ അജപാലകരെന്ന നിലയില്‍ യൂറോപ്യന്‍ മെത്രാന്മാര്‍ ലോക നേതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. റഷ്യ കഴിഞ്ഞാല്‍ ഭൂപ്രദേശത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ രാഷ്ട്രമായ യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ ഏതാണ്ട് 1,00,000­-ത്തോളം സൈനികരെ വിന്യസിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുക്രൈന്റെ മേല്‍ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിടുമെന്നു താന്‍ കരുതുന്നതെന്ന് ജനുവരി 19-ന് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി കടക്കുകയാണെങ്കില്‍ അമേരിക്കയും സഖ്യ കക്ഷികളും ശക്തമായി പ്രതികരിക്കുമെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനുവരി 21-ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രസ്താവിച്ചു. ഈ പശ്ചാത്തലത്തില്‍ ആശങ്ക ശക്തമാകുകയാണ്. കഴിഞ്ഞയാഴ്ച വിവിധ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ വാര്‍ഷിക ‘സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്’ കൂടിക്കാഴ്ചക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ യുക്രൈന്‍ പ്രതിസന്ധിയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാധാനപരമായ ചര്‍ച്ചകളിലൂടെ സ്വീകാര്യമായ പരിഹാരം കാണണമെന്ന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത പാപ്പ ആയുധങ്ങളിലൂടെയല്ല മറിച്ച് ചര്‍ച്ചകളിലൂടെയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും പറഞ്ഞു.


Related Articles »