News - 2024

ഇറാഖി സഭയുടെ ‘നിനവേ ഫാസ്റ്റ്’ ഫെബ്രുവരി 7 മുതല്‍: മുഖ്യ പ്രമേയം വിവരിച്ച് പാത്രിയാര്‍ക്കീസ് സാകോ

പ്രവാചകശബ്ദം 05-02-2022 - Saturday

മൊസൂള്‍: ഒരു പ്രത്യേക വംശത്തിനോ, അല്ലെങ്കില്‍ പ്രത്യേക സന്‍മാര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ വേണ്ടി മാത്രം ഉള്ളതല്ല ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന മോക്ഷമെന്ന് ഇറാഖി കല്‍ദായ സഭാതലവന്‍ പാത്രിയാര്‍ക്കീസ് സാകോ. ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 9 വരെ ഇറാഖി കല്‍ദായ സഭ ആചരിക്കുന്ന ‘നിനവേ ഫാസ്റ്റ്’ന് വേണ്ടിയുള്ള പ്രമേയത്തേക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. അനുതപിക്കുന്ന ആര്‍ക്ക് വേണമെങ്കിലും ദൈവത്തിന്റെ കാരുണ്യം നേടാമെന്നതാണ് പ്രമേയത്തിന്റെ കാതലെന്നു പാത്രിയാര്‍ക്കീസ് സാകോ പറഞ്ഞു. കല്‍ദായ സഭാ പാരമ്പര്യത്തില്‍പ്പെട്ട ‘നിനവേ ഫാസ്റ്റ്’ (ബൗതാ ഡി’നിനവേ) മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ ആചാരമാണ്. ഈ ദിവസങ്ങളില്‍ കല്‍ദായ വിശ്വാസികള്‍ അര്‍ദ്ധരാത്രി മുതല്‍ അടുത്ത ദിവസം ഉച്ചവരെ ഭക്ഷണവും വെള്ളവും ഒഴിവാക്കും. മാംസ്യ ഭക്ഷണവും ഈ ദിവസങ്ങളില്‍ വര്‍ജ്ജിക്കും.

പുരാതനകാലത്ത്‌ തിന്മയില്‍ മുങ്ങിക്കുളിച്ചിരുന്ന നിനവേ വാസികളോട് യോനാ പ്രവാചകനാണ് ഉപവാസം ആചരിക്കുവാന്‍ ആവശ്യപ്പെട്ടതെന്നാണ് വിശുദ്ധ ഗ്രന്ഥ പാരമ്പര്യം. നിനവേയിലെ ജനങ്ങള്‍ ഉപവാസത്തിലൂടെ അനുതപിച്ച് ദൈവകാരുണ്യം നേടുകയായിരുന്നു. ദൈവജനം എന്ന് കരുതുന്നവരേക്കാള്‍ വിജാതീയരാണ് കൂടുതലായും അനുതപിക്കുകയും മാനസാന്തരപ്പെട്ടു പരിവര്‍ത്തനം ചെയ്യുകയും ചെയ്തതെന്ന് യോനാ പ്രവാചകന്റെ സംഭവകഥ നല്‍കുന്ന പാഠമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. യോനാ പ്രവാചകന്‍ പുരാതന ക്രൈസ്തവര്‍ക്ക് നല്‍കിയ സന്ദേശമാണിതെങ്കിലും ഇന്നത്തെ തലമുറയേ സംബന്ധിച്ചും ഈ സന്ദേശം പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ സുരക്ഷക്കും സമാധാനത്തിനും, കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കല്‍ദായ സഭയില്‍ മാമ്മോദീസ സ്വീകരിച്ചവരെല്ലാം നിനവേ ഉപവാസം ആചരിക്കണമെന്ന് സമീപ വര്‍ഷങ്ങളില്‍ പാത്രിയാര്‍ക്കീസ് സാകോ ആവശ്യപ്പെട്ടു വരുന്നുണ്ട്. ‘ബ’വുത’ എന്ന വാക്ക് ‘അപേക്ഷ’യേയാണ് സൂചിപ്പിക്കുന്നത്. മെസപ്പെട്ടോമിയന്‍ മേഖലയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ കോവിഡ് 19 സമാനമായ ഒരു പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ 570-581 കാലയളവില്‍ പാത്രിയാര്‍ക്ക് എസെക്കിയേലും ഒരു ഉപവാസം ആചരിക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.


Related Articles »