India - 2024

127 -ാമത് മാരാമൺ കൺവൻഷന് ഇന്ന് തുടക്കം

പ്രവാചകശബ്ദം 13-02-2022 - Sunday

മാരാമൺ 127 -ാമത് മാരാമൺ കൺവൻഷന് ഇന്ന് പമ്പാ മണൽപ്പുറത്തു തുടക്കമാകും. ഒരാഴ്ച നീളുന്ന കൺവൻഷന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണത്തെ കൺവൻഷൻ പന്തലിനുള്ളിൽ സാമൂഹിക അകലം പാലിച്ച് 1500 പേർക്കുവരെ പ്രവേശാനാനുമതി ഉണ്ടാകും. റവ. ഡോ. ജോൺ പോസ്വാമി (ചെന്നൈ) മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനുമാണ് പൊതു യോഗങ്ങൾ.

മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ആംഗ്ലിക്കൻ ബിഷപ്പ് ലോരാജ് ആർ കനകസാബെ (ശ്രീലങ്ക), നാഷണൽ കൗൺസിൽ ഓഫ് ചർച്ച് ജനറൽ സെക്രട്ടറി റവ അസീർ എബനേസർ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് കാതോലിക്കാ ബാവ, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോ ലിത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ എക്യുമെനിക്കൽ യോഗത്തിൽ ബസേലിയോസ് മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഉച്ചകഴിഞ്ഞ സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗത്തിൽ സിഎസ്ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും സന്ദേശം നൽകും. വിവിധ യൂട്യൂബ് ചാനലുകള്‍ കണ്‍വെന്‍ഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.


Related Articles »