News - 2025
വിശ്വാസത്തിന്റെ ദാസന്മാരാകണം, ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കണം: പുതിയ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 11-09-2025 - Thursday
വത്തിക്കാന്‍ സിറ്റി: സുവിശേഷം സധൈര്യം പ്രസംഗിക്കാന്‍ പുതിയ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമിതരായ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 192 ബിഷപ്പുമാര്‍ക്കുള്ള പരിശീലന കോഴ്‌സിന്റെ ഭാഗമായി ഇന്നു സെപ്റ്റംബർ 11 വ്യാഴാഴ്ച വത്തിക്കാനിൽ നവ മെത്രാന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. കർത്താവിന്റെ അപ്പോസ്തലന്മാരായും വിശ്വാസത്തിന്റെ ദാസന്മാരായും നിങ്ങളെ അയയ്ക്കാൻ കര്‍ത്താവ് തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തിരിക്കുകയാണെന്നും നിങ്ങൾക്ക് ലഭിച്ച സമ്മാനം നിങ്ങൾക്കുള്ളതല്ല, മറിച്ച് സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണെന്നും ലെയോ പാപ്പ പറഞ്ഞു.
മെത്രാന്‍ ഒരു ദാസനാണ്, ജനങ്ങളുടെ വിശ്വാസത്തെ സേവിക്കാനാണ് അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സേവനം ഒരു ബാഹ്യ സ്വഭാവമോ ഒരാളുടെ ധർമ്മം നിറവേറ്റുന്നതിനുള്ള ഒരു മാർഗമോ അല്ല. നമ്മെ സമ്പന്നരാക്കാൻ തന്നെതന്നെ ദരിദ്രനാക്കിയ യേശു നടത്തിയ അതേ തിരഞ്ഞെടുപ്പിനെ ഉൾക്കൊള്ളാൻ, ആന്തരിക സ്വാതന്ത്ര്യം, ആത്മാവിന്റെ ദാരിദ്ര്യം, സ്നേഹത്തിൽ നിന്ന് ജനിക്കുന്ന സേവന സന്നദ്ധത എന്നിവ ആവശ്യപ്പെടുകയാണ്. പുതിയ മെത്രാന്മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണം. എളിമയിലും പ്രാർത്ഥനയിലും നടക്കാനും, കർത്താവ് ഭരമേല്‍പ്പിക്കുന്ന ആളുകളുടെ ദാസന്മാരാകാനും ശ്രമിക്കണമെന്നും ലെയോ പാപ്പ പറഞ്ഞു.
സുവിശേഷത്തിന്റെ ഒരു പുതിയ പ്രഖ്യാപനത്തിനായുള്ള അഭിനിവേശവും ധൈര്യവും വീണ്ടും കണ്ടെത്തണം. പ്രത്യേകിച്ച് വിശ്വാസ കൈമാറ്റത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കു സെപ്റ്റംബർ 3നു ആരംഭിച്ച കോഴ്സ് ഇന്നു സമാപിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നവ മെത്രാന്മാര്‍ക്ക് വേണ്ടി കോഴ്സ് നടക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
