Life In Christ - 2025

അശരണരുടെ വിശപ്പടക്കുവാന്‍ കൊല്‍ക്കത്ത കത്തീഡ്രല്‍ ദേവാലയത്തിന്റെ ‘ഫുഡ് ഫോര്‍ ഓള്‍’ പദ്ധതി

പ്രവാചകശബ്ദം 19-02-2022 - Saturday

കൊല്‍ക്കത്ത: ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന ‘ഫുഡ് ഫോര്‍ ഓള്‍’ (എല്ലാവര്‍ക്കും ഭക്ഷണം) പദ്ധതിക്ക് കൊല്‍ക്കത്ത അതിരൂപതയിലെ മോസ്റ്റ്‌ ഹോളി റോസറി കത്തീഡ്രല്‍ ദേവാലയം തുടക്കം കുറിച്ചു. ഇടവക വികാരിയായ ഫാ. ഫ്രാങ്ക്ലിന്‍ മെനെസെസാണ് പ്രതിദിനം നൂറുകണക്കിനാളുകളുടെ വയറ് നിറയ്ക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാദേശിക സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘ആന്‍ ബന്ധു’വിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രതിദിനം നൂറ്റിനാല്‍പ്പതോളം ഭക്ഷണ പൊതികള്‍ വീതം ആഴ്ചയില്‍ 6 ദിവസവും പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം വിതരണം ചെയ്യും.

ആന്‍ ബന്ധു ഫൗണ്ടേഷന്റെ കീഴിലുള്ള അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണം “എല്ലാവര്‍ക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായിട്ടാണ് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. എല്ലാവര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെന്ന ചിന്തയോടെയാണ് ഹോളി റോസറി കത്തീഡ്രല്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘സിസ്റ്റേഴ്സ് ഓഫ് ബെഥനി’ എന്ന പേരില്‍ അറിയപ്പെടുന്ന സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ലവര്‍ സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടേയും, ഇടവക വിശ്വാസികളില്‍ ചിലരുടേയും, സുമനസ്കരായ പരിസരവാസികളുടേയും പങ്കാളിത്തവും പദ്ധതിക്കുണ്ട്.

‘ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ്‌ നൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പേരില്‍ 2020-ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 18.9 കോടിയോളം ജനങ്ങള്‍ക്ക് (മൊത്തം ജനസംഖ്യയുടെ 14%) പോഷകാഹാരത്തിന്റെ കുറവുണ്ടെന്നാണ് പറയുന്നത്. പ്രതികൂലമായ ഈ സാഹചര്യത്തില്‍ അനേകരുടെ വയറും മനസും നിറയ്ക്കുന്ന അതിരൂപതയുടെ പദ്ധതിയ്ക്ക് വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.


Related Articles »