News
യുക്രൈന്‍ കത്തോലിക്ക ദേവാലയത്തിലെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജകുമാരനും പത്നിയും
പ്രവാചകശബ്ദം 03-03-2022 - Thursday
ലണ്ടന്‍: കനത്ത പോരാട്ടത്തിനിടയില്‍ ജീവനുവേണ്ടി പരക്കം പായുന്ന യുക്രൈന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി ഏകമനസ്സോടെയുള്ള ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും പത്നിയും. യുകെയിലെ യുക്രൈന്‍ അംബാസഡര്‍ വാഡിം പ്രിസ്റ്റായിക്കിനൊപ്പം ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രലില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനയിലാണ് വെയില്‍സ് രാജകുമാരനായ ചാള്‍സും പത്നി കാമില പാര്‍ക്കറും പങ്കെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
തങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അപര്യാപ്തമാണെങ്കില്‍ പോലും ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം തങ്ങളുമുണ്ടെന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ട് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. ദേവാലയത്തിലെത്തിയ രാജകുമാരന്‍ യുക്രൈന്റെ ഔദ്യോഗിക പുഷ്പമായ സൂര്യകാന്തി പൂക്കള്‍ സമര്‍പ്പിച്ച് മെഴുകുതിരി കത്തിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടതിന് ശേഷം രാജ ദമ്പതികള്‍ ലണ്ടനിലെ യുക്രൈന്‍ സമൂഹത്തിന്റെ പ്രതിനിധികളും, യുദ്ധകെടുതിയില്‍ കഴിയുന്ന യുക്രൈന്‍ ജനതയെ മാനുഷികമായി സഹായിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. ചാള്‍സ് രാജകുമാരന് പുറമേ നിരവധി പ്രമുഖരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരുന്നു.
ദേവാലയത്തില്‍ എത്തിയ വിശിഷ്ട വ്യക്തികള്‍ ബിഷപ്പ് കെന്നെത്ത് നോവാകൊവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ വിവേക ശൂന്യതയ്ക്കു ദൈവത്തിന്റെ ആയുധങ്ങളായ പ്രാര്‍ത്ഥനയും ഉപവാസവും വഴി മറുപടി ലഭിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക സഭ വിഭൂതി തിരുനാളായി ആഘോഷിക്കുന്ന മാര്‍ച്ച് 2-ന് യുക്രൈന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ലണ്ടനിലെ യുക്രൈന്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചത്. രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നു പാപ്പ തന്റെ ആഹ്വാനത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക