Youth Zone - 2024
60 യുക്രൈൻ സ്വദേശികൾക്ക് അഭയകേന്ദ്രമായി സ്പെയിനിലെ കത്തോലിക്ക സെമിനാരി
പ്രവാചകശബ്ദം 15-03-2022 - Tuesday
ടറസോണ: യുദ്ധകെടുതി മൂലം യുക്രൈനിൽ നിന്നെത്തിയ 60 പേർക്ക് സ്പെയിനിലെ ടറസോണ രൂപതയുടെ സെമിനാരി അഭയകേന്ദ്രമായി. ഞായറാഴ്ചയാണ് പോളിഷ്- യുക്രേനിയൻ അതിർത്തിയിൽ നിന്നും ഏതാനും വോളണ്ടിയർമാരോടൊപ്പം അഭയാർത്ഥികൾ സ്പെയിനിലെ സെമിനാരിയിലെത്തിയത്. ടറസോണ മെത്രാൻ യുസേബിയോ ഇഗ്നേഷിയോ ഹെർണാഡസ്, നഗരത്തിന്റെ മേയർ ലൂയിസ് ജോസ് അരേച്ചിയ, സെമിനാരി റെക്ടർ ജോസ് ലൂയിസ് സോഫിൻ തുടങ്ങിയവരും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ജനങ്ങളും അവരെ ഹാർദ്ദവമായി സ്വീകരിച്ചു. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.
അഭയാർത്ഥികളായി എത്തിയവരെ സ്വീകരിക്കാനും, അവർക്ക് സ്വന്തം ഭവനം പോലെ സൗകര്യങ്ങളൊരുക്കാനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധിക്കുന്ന എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ബിഷപ്പ് ഹെർണാഡസ് പറഞ്ഞു. വോളണ്ടിയർമാരായി എത്തിയവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. യുദ്ധം ആരംഭിച്ച സമയത്ത് യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്ന് രൂപത ചിന്തിച്ചുവെന്നും, അങ്ങനെയാണ് രൂപതയിലെ സംവിധാനങ്ങൾ നൽകാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ബിഷപ്പ് വിശദീകരിച്ചു. സെമിനാരിയിൽ എത്തിച്ചേർന്ന അഭയാർത്ഥികളും, വോളണ്ടിയർമാരും സഭ കാണിക്കുന്ന കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞു.