News - 2025

ഒടുവില്‍ പാപ്പയുടെ തീരുമാനം: റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കും

പ്രവാചകശബ്ദം 16-03-2022 - Wednesday

കീവ്: കനത്ത ആക്രമണങ്ങളെ തുടര്‍ന്നു ലക്ഷകണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തി കൊണ്ടിരിക്കുന്ന റഷ്യ- യുക്രൈന്‍ പ്രതിസന്ധിയ്ക്കിടെ ഇരുരാജ്യങ്ങളെയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം. മാർച്ച് 25നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക് ആയിരിക്കും സമർപ്പണം നടക്കുക.

നേരത്തെ റഷ്യയെയും, യുക്രൈനെയും മാതാവിന് സമർപ്പണം നടത്തണമെന്ന ആവശ്യം മാർപാപ്പയോട് ഉന്നയിച്ചുകൊണ്ട് യുക്രൈനിലെ ലത്തീൻ റീത്തിലെ മെത്രാന്മാർ അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച് 25നു മംഗളവാർത്ത ദിനമായാണ് കത്തോലിക്കാസഭയിൽ ആചരിക്കുന്നത്. അതേ ദിവസം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും.

ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്ക് പിന്തുണ നൽകുന്നതിന്റെ അടയാളമാ-യി ക്രജേവ്സ്കി ഉൾപ്പെടെ രണ്ടു കർദ്ദിനാളുമാരെ ഫ്രാൻസിസ് മാർപാപ്പ അവിടേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ കൃസോവ്ചിയിലുളള ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ. ആന്ധ്രസ് ഡ്രോസ് റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രങ്ങളോട് അഭ്യർത്ഥന നടത്തി. ഇത് പ്രകാരം വിവിധ സ്ഥലങ്ങളിൽ മാർച്ച് പതിമൂന്നാം തീയതി പ്രത്യേകം പ്രാർത്ഥനകൾ നടന്നു.

1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. പ്രത്യേകം മരിയഭക്തി കാത്തുസൂക്ഷിക്കുന്ന 2 രാജ്യങ്ങളാണ് അയൽരാജ്യങ്ങളായ റഷ്യയും യുക്രൈനും. യാരോസ്ലോവ് എന്ന കീവിലെ രാജകുമാരൻ 1037ൽ തന്റെ കൈവശമുള്ള പ്രദേശങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു. ഇതിനുശേഷം പരിശുദ്ധ കന്യകാമറിയം അവിടെ അറിയപ്പെടുന്നത് യുക്രൈന്റെ രാജ്ഞി എന്നാണ്.


Related Articles »