News - 2025

വിമലഹൃദയ സമര്‍പ്പണത്തിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 16-03-2022 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: റഷ്യന്‍ അധിനിവേശം കാരണം സ്ഥിതിഗതികള്‍ രൂക്ഷമായ യുക്രൈനിലെ കത്തോലിക്ക മെത്രാന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന ഇരുരാഷ്ട്രങ്ങളേയും ഫ്രാന്‍സിസ് പാപ്പ മാര്‍ച്ച് 25ന് ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, സമര്‍പ്പണ കര്‍മ്മത്തിനു മുന്നോടിയായി 9 ദിവസത്തെ നൊവേന അര്‍പ്പണത്തിനുള്ള ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്. തങ്ങളുടെ അഭ്യര്‍ത്ഥന പാപ്പ മാനിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്നും സമര്‍പ്പണത്തിന് മുന്നോടിയായി മാര്‍ച്ച് 17ന് ആരംഭിക്കുന്ന നവനാള്‍ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ലിവിവിലെ ലത്തീന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ മൈക്ക്സിസ്ലോ പറഞ്ഞു.

യുക്രൈനിലെ ക്രൈസ്തവരെ കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളോടും നവനാള്‍ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകുവാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റഷ്യയെ മാതാവിന് സമര്‍പ്പിച്ചുവെങ്കിലും അന്നത്തെ സമര്‍പ്പണം ശരിയായ രീതിയിലായിരുന്നെങ്കിലും, യുദ്ധത്തിന്റേതായ ഈ സാഹചര്യത്തില്‍ ഒന്നുകൂടി സമര്‍പ്പിച്ചാല്‍ നന്നായിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആഗ്രഹവും, യുക്രൈന്‍ ജനതയുടെ ശബ്ദവുമാണെന്നു ആര്‍ച്ച് ബിഷപ്പ് മൈക്ക്സിസ്ലോ പറയുന്നു.

പേപ്പല്‍ ചാരിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയുടെ സന്ദര്‍ശനത്തിനും മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. കഴിഞ്ഞയാഴ്ച പാപ്പ യുക്രൈനിലേക്കയച്ച രണ്ടംഗ സംഘത്തിലെ ഒരാളായിരുന്നു കര്‍ദ്ദിനാള്‍ ക്രജേവ്സ്കി. മാര്‍ച്ച് 25-ന് റോമിലും, ഫാത്തിമായിലുംവെച്ച് ഒരേസമയം യുക്രൈന്റേയും റഷ്യയുടേയും സമര്‍പ്പണ കര്‍മ്മം നടത്താനാണ് തീരുമാനം. റോമിലെ കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പായും ഫാത്തിമായിലെ കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ക്രജെവ്സ്കിയുമായിരിക്കും നേതൃത്വം നല്‍കുക.


Related Articles »