Youth Zone - 2024
ലെബനോനിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കത്തോലിക്ക സംഘടനയായ എ.സി.എന്‍: 15 ലക്ഷം യൂറോ വകയിരുത്തി
പ്രവാചകശബ്ദം 22-03-2022 - Tuesday
ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്ന കത്തോലിക്ക സ്കൂളുകളില്‍ പഠിക്കുന്ന ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍വെച്ച് മുടങ്ങാതിരിക്കുവാനായി ‘സേവ് എജ്യൂക്കേഷന്‍’ പ്രചാരണവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍). 15 ലക്ഷം യൂറോ എ.സി.എന്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പന്ത്രണ്ടോളം സഹായ പദ്ധതികളിലൂടെ തൊണ്ണൂറിലധികം സ്കൂളുകളെ സഹായിക്കുവാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ സഭയുടെ കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പള സ്ഥിരതക്കും, യുവജനങ്ങളുടേയും, സെമിനാരി വിദ്യാര്‍ത്ഥികളുടേയും, കന്യാസ്ത്രീകളുടേയും പ്രതീക്ഷകള്‍ക്ക് ശക്തിപകരുവാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സിറിയന്‍ യുദ്ധത്തെത്തുടര്‍ന്ന്‍ ലെബനോനിലെത്തിയ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാന്‍ കഴിഞ്ഞില്ലെന്ന്‍ പറഞ്ഞ എ.സി.എന്‍, സാമ്പത്തിക പ്രതിസന്ധിയും, ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനവും ലെബനോനിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കും, തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സഭാ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുള്ള അടിയന്തിര സഹായത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിസന്ധി സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലെബനോന്‍ കറന്‍സിയുടെ മൂല്യം ഇത്രകണ്ട് ഇടിയുന്നതെന്നും എ.സി.എന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ഒസോറസ് പറഞ്ഞു.
കത്തോലിക്ക സ്കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നതാണ് ഏറ്റവും വലിയ ഭീഷണി. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആയിരക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാകുമെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷം മുന്‍പ് വരെ കുട്ടികളുടെ സ്കൂള്‍ ഫീസ് ഭാഗികമായി നല്‍കിയിരുന്ന മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ അതിനു കഴിയുന്നില്ലെന്നും, സര്‍ക്കാര്‍ സബ്സിഡി ലഭിച്ചിട്ട് കാലമേറെയായതിനാല്‍ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മധ്യപൂര്‍വ്വേഷ്യയില്‍ നിര്‍ണ്ണായകമായ ക്രൈസ്തവ സാന്നിധ്യമുള്ള രാഷ്ട്രമാണ് ലെബനോന്‍. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും രാജ്യത്ത് അങ്ങിങ്ങോളം കത്തോലിക്ക സ്കൂളുകള്‍ ഉണ്ട്. അവയില്‍ പഠിക്കുന്നതില്‍ 90% വും മുസ്ലീം കുട്ടികളാണ്. കത്തോലിക്കാ സഭാ സ്ഥാപനങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം ലെബനീസ് ജനതയുടെ ചിന്താഗതിയില്‍ വളരെ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. വര്‍ഗ്ഗീയതയും, തീവ്രവാദവും ഒഴിവാക്കുന്നതിലും ഇത് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ലെബനോനിലെ വത്തിക്കാന്‍ പ്രതിനിധി ബിഷപ്പ് ജോസഫ് സ്പിറ്റേരി ലോകമെമ്പാടുമുള്ള കത്തോലിക്ക സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിന്നു.