News

ലെയോ പാപ്പയ്ക്ക് ലെബനോനില്‍ ആവേശകരമായ സ്വീകരണം

പ്രവാചകശബ്ദം 01-12-2025 - Monday

ബെയ്റൂട്ട്: ത്രിദിന തുർക്കി സന്ദർശനത്തിനുശേഷം മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം. ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും വത്തിക്കാന്‍ സംഘത്തിനും ലെബനോന്‍ പ്രസിഡൻ്റ് ജോസഫ് ആഊൻ, പാർലമെന്റ് സ്പീക്കർ നബിഹ് ബെറി, പ്രധാനമന്ത്രി നവാഫ് സലാം, വത്തിക്കാൻ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ജോസഫ് സ്‌പിത്തേരി എന്നിവർ ചേർന്നു സ്വീകരണം നല്‍കി.

പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോപ്പ് മോബീല്‍ വാഹനത്തിൽ പാപ്പ സഞ്ചരിച്ചപ്പോള്‍ സഞ്ചാര പാതയില്‍ വലിയ ആവേശവും സംഗീതവുമായി നിരവധി കലാകാരന്മാര്‍ രംഗത്തുണ്ടായിരിന്നു. ലെബനോൻ, വത്തിക്കാൻ പതാകകൾ വീശിക്കൊണ്ടും, പരമ്പരാഗത ലെബനോൻ നൃത്തം അവതരിപ്പിക്കുന്ന നർത്തകർ നിറഞ്ഞ തെരുവുകളിലൂടെ അനുഗമിച്ചു. ഇന്നു ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കും. യുവജനങ്ങളുമായി പാപ്പ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

അപ്പസ്തോലിക യാത്രയുടെ സമാപന ദിവസമായ നാളെ ഡിസംബർ 2 ചൊവ്വാഴ്ച, ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന നടത്തും. ലെയോ മാർപാപ്പ തന്റെ യാത്രയുടെ സമാപന ദിവ്യബലി ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ അർപ്പിക്കും. തുടർന്ന് യാത്ര തിരിക്കുന്ന പാപ്പ പ്രാദേശിക സമയം വൈകുന്നേരം 4:10 ന് റോമിൽ എത്തിച്ചേരും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »