Daily Saints. - July 2024

July 05: വിശുദ്ധ അന്തോണി സക്കറിയ

സ്വന്തം ലേഖകന്‍ 05-07-2024 - Friday

ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധന്‍. തന്റെ വസതിയില്‍ വെച്ച് തന്നെ മാനവിക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അന്തോണി പാവിയായില്‍ നിന്നും തത്വശാസ്ത്രവും, പാദുവായില്‍ നിന്നും വൈദ്യശാസ്ത്രവും പഠിച്ചു. ബുദ്ധിയിലും, ജീവിത വിശുദ്ധിയിലും തന്റെ സമകാലികരെ അന്തോണി അനായാസം പിന്നിലാക്കി.

വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അന്തോണി റോമിലേക്ക് തിരികെ വന്നു. അവിടെയെത്തിയ അന്തോണി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ശരീരങ്ങളെ സുഖപ്പെടുത്തുവാനല്ല മറിച്ച് ആത്മാക്കളെ സുഖപ്പെടുത്തുവാനാണ് എന്ന സത്യം മനസ്സിലാക്കി. ഒട്ടും തന്നെ സമയം പാഴാക്കാതെ അന്തോണി വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. ഇതിനിടയിലും വിശുദ്ധന്‍ രോഗികളെ സന്ദര്‍ശിക്കുവാനും, കുട്ടികള്‍ക്ക്‌ ക്രിസ്തീയ പ്രമാണങ്ങള്‍ പറഞ്ഞുകൊടുക്കുവാനും സമയം കണ്ടെത്തി.

കൂടാതെ യുവജനങ്ങളോടു ദൈവഭക്തിയില്‍ ജീവിക്കുവാനും, പ്രായമായവരോട് തങ്ങളുടെ ജീവിതം നവീകരണത്തിനു വിധേയമാക്കുവാനും അന്തോണി ഉപദേശിച്ചു. പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷമുള്ള തന്റെ പ്രഥമ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനിടക്ക്, സ്വര്‍ഗ്ഗീയ പ്രകാശത്തിന്റെ ജ്വാലയില്‍ മാലാഖമാരുടെ നടുക്ക്‌ നില്‍ക്കുന്ന വിശുദ്ധനെ അവിടെ കൂടിയിരുന്ന ജനങ്ങള്‍ കണ്ടതായി പറയപ്പെടുന്നു.

ആത്മാക്കളുടെ മോക്ഷത്തിനും, ജനങ്ങളുടെ ജീവിത നവീകരണത്തിലുമാണ് വിശുദ്ധന്‍ പ്രധാനമായും ശ്രദ്ധിച്ചത്. പിതൃസഹജമായ കാരുണ്യത്തോടു കൂടി വിശുദ്ധന്‍ അപരിചിതരേയും, പാവങ്ങളെയും, കഷ്ടതയനുഭവിക്കുന്നവരേയും സ്വീകരിക്കുകയും, ദൈവീക വചനങ്ങള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും മാതൃസഹജമായ സ്നേഹത്താല്‍ അവരെ സഹായിക്കുകയും ചെയ്തു. തന്മൂലം വിശുദ്ധന്റെ ഭവനത്തെ ദുരിതമനുഭവിക്കുന്നവരുടെ അഭയസ്ഥാനമെന്നാണ് വിളിക്കപ്പെട്ടിരുന്നത്. കൂടാതെ വിശുദ്ധനെ ‘മാലാഖ’ എന്നും തങ്ങളുടെ രാജ്യത്തിന്റെ ‘പിതാവ്‌’ എന്നാണ് പ്രദേശവാസികള്‍ വിളിച്ചിരുന്നത്.

ദൈവത്തിന്റെ മുന്തിരിതോപ്പില്‍ ജോലി ചെയ്യുവാന്‍ തനിക്ക്‌ പറ്റിയ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നാല്‍ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കാന്‍ വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യുവാന്‍ തനിക്ക്‌ കഴിയും എന്ന ബോധ്യത്താല്‍ വിശുദ്ധന്‍ തന്റെ ആശയങ്ങള്‍ രണ്ട്‌ ദൈവീക മനുഷ്യരോട് പങ്ക് വെച്ചു. ബാര്‍ത്തൊലോമിയോ ഫെറാരിയും, ജെയിംസ്‌ മോറിഗിയായുമായിരുന്നു ആ പുണ്യവാന്‍മാര്‍. അവര്‍ ഒരുമിച്ചു മിലാനില്‍ ക്ലര്‍ക്സ് റെഗുലര്‍ സൊസൈറ്റി എന്ന പൗരോഹിത്യ സഭക്ക്‌ ആരംഭം കുറിച്ചു. വിജാതീയരുടെ അപ്പസ്തോലനായിരുന്ന വിശുദ്ധ പൗലോശ്ലീഹായോടുള്ള വിശുദ്ധന്റെ അഗാധമായ സ്നേഹം കാരണം അദ്ദേഹത്തെ വിശുദ്ധ പൗലോസ് എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്.

വിശുദ്ധന്റെ സഭയെ ക്ലമന്റ് ഏഴാമന്‍ അംഗീകരിക്കുകയും, പോള്‍ മൂന്നാമന്‍ അതിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്റെ സഭ നിരവധി പ്രദേശങ്ങളില്‍ വ്യാപിച്ചു. എയിഞ്ചലിക്ക് സിസ്റ്റേഴ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്നു വിശുദ്ധന്‍. പക്ഷേ ഒരിക്കല്‍ പോലും തന്റെ സഭയുടെ മേലധികാരിയാകുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നില്ല, അത്രമാത്രം എളിമനിറഞ്ഞവനായിരുന്നു വിശുദ്ധന്‍. തന്റെ സഭകള്‍ക്ക് നേരെയുള്ള കഠിനമായ എതിര്‍പ്പുകളെ പോലും വിശുദ്ധന്‍ വളരെ ക്ഷമാപൂര്‍വ്വം നേരിട്ടു. ആത്മീയ ജീവിതം നയിക്കുന്നവരോട് ദൈവത്തെ സ്നേഹിക്കുവാനും, പുരോഹിതന്‍മാരോട് അപ്പസ്തോലന്‍മാരുടെ ജീവിതത്തെ പിന്തുടരുവാനും ഉപദേശിക്കുന്നതില്‍ വിശുദ്ധന്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല.

കൂടാതെ വിവാഹിതരായ ആളുകള്‍ക്ക് വേണ്ടി നിരവധി സാഹോദര്യ-കൂട്ടായ്മകളും വിശുദ്ധന്‍ സംഘടിപ്പിച്ചു. പലപ്പോഴും വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്കൊപ്പം തെരുവുകളിലും, പൊതു സ്ഥലങ്ങളിലും കുരിശും വഹിച്ചുകൊണ്ട് പ്രദിക്ഷിണങ്ങള്‍ നടത്തി. വിശുദ്ധന്റെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകളും, ഉപദേശവും വഴി നിരവധി ദുഷ്ടരായ മനുഷ്യര്‍ വരെ മോക്ഷത്തിന്റെ പാതയിലേക്ക്‌ വന്നു. ക്രൂശിതനായ യേശുവിനോടുള്ള സ്നേഹത്താല്‍ കുരിശിന്റെ വഴിയുടെ രഹസ്യം ജനങ്ങളുടെ മനസ്സില്‍ ഓര്‍മ്മിപ്പിക്കുവാനായി വിശുദ്ധന്‍ എല്ലാ വെള്ളിയാഴ്ചകളിലും സന്ധ്യാപ്രാര്‍ത്ഥന സമയത്ത് ഒരു മണി മുഴക്കാറുണ്ടായിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്.

യേശുവിന്റെ ദിവ്യനാമം എപ്പോഴും വിശുദ്ധന്റെ ചുണ്ടുകളില്‍ ഉണ്ടായിരുന്നു. പരിശുദ്ധ കുര്‍ബ്ബാനയോട് അന്തോണിയ്ക്കു ഒരു പ്രത്യേക ഭക്തി തന്നെയുണ്ടായിരുന്നു. അതിനാല്‍ തന്നെ വിശുദ്ധന്‍ ദിവസേന ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവ് വിശ്വാസികള്‍ക്കിടയില്‍ പുനരുജ്ജീവിപ്പിച്ചു.

പൊതുവായ നാല്‍പ്പത് മണിക്കൂര്‍ ആരാധന വിശുദ്ധനാണ് തുടങ്ങിവെച്ചതെന്നു പറയപ്പെടുന്നു. പ്രവചന വരവും, മറ്റുള്ളവരുടെ ചിന്തകളെ മനസ്സിലാക്കാനുള്ള കഴിവും, കൂടാതെ മനുഷ്യവംശത്തിന്റെ ശത്രുവിന്റെ മേലുള്ള ശക്തി തുടങ്ങിയ നിരവധി വരദാനങ്ങളാല്‍ അനുഗൃഹീതനായിരുന്നു വിശുദ്ധന്‍. നിരന്തരമായ കഠിന പ്രയത്നങ്ങള്‍ക്ക് ശേഷം ഗുവാസ്റ്റാല്ലായില്‍ വെച്ച്‌ വിശുദ്ധന്‍ രോഗബാധിതനായി. തുടര്‍ന്ന് വിശുദ്ധനെ ക്രെമോണയിലേക്ക്‌ കൊണ്ട് പോയി. അവിടെ വെച്ച്‌ ദുഖാര്‍ത്തരായ തന്റെ പുരോഹിതന്‍മാരുടെ നടുവില്‍ ഭക്തയായ തന്റെ മാതാവിന്റെ ആശ്ലേഷത്തില്‍ കിടന്നുകൊണ്ട് വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചു. തന്റെ മാതാവിന്റെ മരണവും വിശുദ്ധന്‍ മുന്‍കൂട്ടി പ്രവചിച്ചതായി പറയപ്പെടുന്നു.

അന്തോണിയുടെ മരണസമയത്ത് അപ്പസ്തോലന്‍മാരുടെ ദര്‍ശനത്താല്‍ വിശുദ്ധന്‍ ആശ്വസിക്കപ്പെടുകയും തന്റെ സൊസൈറ്റിയുടെ ഭാവികാല വളര്‍ച്ചയെപ്പറ്റി മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തു. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി നടന്ന അത്ഭുതങ്ങള്‍ കാരണം വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ വിശുദ്ധനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ലിയോ എട്ടാമന്‍ വിശുദ്ധനോടുള്ള ഭക്തിയെ അംഗീകരിക്കുകയും 1897-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസത്തില്‍ അന്തോണി മേരി സക്കറിയായെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. അഥോണൈറ്റായ അത്തനെഷ്യസ്

2. സൈറീനിലെ സിറില്ല

3. ഫ്രീജിയന്‍ സന്യാസിയായിരുന്ന ഡോമീഷ്യസ്

4. അയര്‍ലന്‍റിലെ എദാനാ

5. ഒരു ബ്രിട്ടീഷ്‌ കന്യകയായിരുന്ന എര്‍ഫില്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »