Arts
ജീവ സംസ്ക്കാരത്തിന്റെ മണിനാദം മുഴക്കുവാനായി 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' യുദ്ധഭൂമിയായ യുക്രൈനില്‍
പ്രവാചകശബ്ദം 31-03-2022 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള മനുഷ്യ ജീവന്റെ മൂല്യത്തേക്കുറിച്ച് ലോക ജനതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച 'വോയിസ് ഓഫ് ദി അണ്‍ബോണ്‍' എന്ന ഭീമന്‍ പ്രോലൈഫ് മണി യുദ്ധഭൂമിയായ യുക്രൈനിലെ പര്യടനത്തിനായി ലിവിവ് നഗരത്തിലെത്തിച്ചു. ഇക്വഡോര്‍ പര്യടനത്തിനുള്ള മണിയ്ക്കൊപ്പമാണ് ഫ്രാന്‍സിസ് പാപ്പ യുക്രൈനിലേക്കുള്ള മണിയും ആശീര്‍വദിച്ചത്. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ജീവന് വേണ്ടി നിലകൊള്ളുന്ന “യെസ് റ്റു ലൈഫ്” എന്ന പോളിഷ് ഫൗണ്ടേഷനാണ് മണിയുടെ യുക്രൈന്‍ പര്യടനം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് പോളണ്ടിലെ സ്സെസ്സിനിലെ ലിറ്റില്‍ ഫീറ്റ് ഫൗണ്ടേഷന്റെ ഫാ. ടോമാസ് കാന്‍സെലാര്‍സിക് ലിവിവിലെ സെന്റ് ജോണ്‍ പോള്‍ ദേവാലയത്തിന് മണി കൈമാറി.
'വോയിസ് ഓഫ് ദി അണ്‍ബോണ്‍' മണിയുടെ ശബ്ദം ഒരു വശത്ത് മുന്നറിയിപ്പിന്റെ ശബ്ദവും, മറുവശത്ത്, ജീവിത വിശുദ്ധിക്ക് വേണ്ടിയുള്ള ആഹ്വാനവും കൂടിയാണെന്നു സെന്റ് ജോണ്‍ പോള്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വെച്ച് മണി കൈമാറിക്കൊണ്ട് ഫാ. കാന്‍സെലാര്‍സിക് പറഞ്ഞു. എല്ലാവര്‍ക്കും ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിയുടെ പര്യടനം ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലായെന്ന് പറഞ്ഞ ഫാ. കാന്‍സെലാര്‍സിക് ജീവന്റെ സംസ്കാരത്തിന്റെ മണിനാദം മുഴക്കുവാനും, പ്രചരിപ്പിക്കുവാനുമായി ഈ മണി യുക്രൈനിലുടനീളം പര്യടനം നടത്തുമെന്നും, മംഗളവാര്‍ത്താ തിരുനാളിന്റെ തലേന്നുള്ള മണിയുടെ വരവ് വെറുമൊരു ആകസ്മികതയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഈ മണികളുടെ ശബ്ദം ജീവന്റെ സുവിശേഷം പ്രഘോഷിക്കുകയും, മനുഷ്യരുടെ മനസാക്ഷിയെ ഉണര്‍ത്തുകയും ചെയ്യുന്നതിനോടൊപ്പം ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആകട്ടെയെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് മണികള്‍ ആശീര്‍വദിച്ചുകൊണ്ട് പാപ്പ പറഞ്ഞിരുന്നു. പോളണ്ടിലെ പ്രിസെമിസിലിലെ പണിശാലയില്‍ നിര്‍മ്മിച്ചതാണ് നാലടി ചുറ്റളവും, ഏതാണ്ട് 2,000 പൗണ്ടിലധികം ഭാരവുമുള്ള ഈ മണികള്‍. മണികളിലെ അലങ്കാരപ്പണികള്‍ തന്നെ അതിന്റെ ഉദ്ദേശം വിളിച്ചോതുന്നുണ്ട്. ഓരോ മണിയിലും ഡി.എന്‍.എ ശ്രംഖലയുടെയും, ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഒരു ഡി.എന്‍.എ ശ്രംഖലയും, ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ടും, 10 കല്‍പ്പനകളടങ്ങിയ ശിലാഫലകവും, “കൊല്ലരുത്” എന്ന അഞ്ചാമത്തെ കല്‍പ്പനയും, ഒരു ബൈബിള്‍ വാക്യവും (ജറമിയ 1:5), 'ഇവാഞ്ചലിയം വിറ്റേ' എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചാക്രിക ലേഖനത്തിലെ പ്രോലൈഫ് വാചകവും മണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മണിക്ക് പുറമേ, പോളണ്ടില്‍ നിന്നുള്ള വൈദ്യ സാധനങ്ങളും, മരുന്നുകളും, ഭക്ഷണപൊതികളും ഫാ. കാന്‍സെലാര്‍സിക് കൈമാറിയിരിന്നു.