News - 2024
ഇറാഖിലെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി പുതിയ ദേവാലയം; നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശ ചെയ്തു
സ്വന്തം ലേഖകന്‍ 04-07-2016 - Monday
ഇര്‍ബില്‍: ഇറാഖിലെ ഇര്‍ബിലില്‍ പുതിയ ക്രൈസ്തവ ദേവാലയം സ്ഥാപിതമായി. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്നും പലായനം ചെയ്യപ്പെട്ട ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന ഇര്‍ബിലിലാണ് നിത്യസഹായ മാതാവിന്റെ നാമത്തിലാണ് ദേവാലയം സമര്‍പ്പിതമായിരിക്കുന്നത്. ജൂണ്‍ 27-ന് ഇറാഖിന്റെയും ജോര്‍ദാന്റെയും ചുമതല വഹിക്കുന്ന അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് അല്‍ബര്‍ട്ടോ ഒറിഗ മാര്‍ട്ടിന്‍, ഇര്‍ബില്‍ കല്‍ദയന്‍ ആര്‍ച്ച് ബിഷപ്പ് ബഷ്ഹാര്‍ വാര്‍ദ, കല്‍ദയാ സഭയിലെ പാട്രിക് ലൂയിസ് റാഫേല്‍ സാകോ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് തുടങ്ങിയവര്‍ ദേവാലയ കൂദാശയ്ക്കും ആരാധനകള്‍ക്കും നേതൃത്വം നല്‍കി.
രണ്ട് വര്‍ഷം മുമ്പ് ഐഎസ് തീവ്രവാദികളുടെ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് ഇറാഖിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന ഇര്‍ബിലിലേക്ക് മൊസൂളിലെ ക്രൈസ്തവര്‍ പലായനം ചെയ്തത്. വിശ്വാസികള്‍ക്ക് ഇവിടെ ഒരു ദേവാലയം വേണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവന സ്വീകരിച്ചാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
തങ്ങളുടെ പിതാക്കന്‍മാരുടെ ദേശത്തെ ഇറാഖിലെ ക്രൈസ്തവരുമായി ബന്ധിപ്പിക്കുന്നതിന്റെ സാക്ഷ്യമായി പുതിയ ദേവാലയം നിലകൊള്ളുമെന്ന് വിശുദ്ധ കുര്‍ബാന മധ്യേ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ പാത്രിയാര്‍ക്കീസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം രാജ്യത്ത് നിന്നുള്ള പലായനം ശാശ്വതമായ പരിഹാരമാര്‍ഗ്ഗമാകില്ലെന്നും, സ്വന്തം ദേശത്ത് തന്നെ ക്രിസ്തു സാക്ഷികളായി ജീവിക്കുക എന്നതാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന മൊസൂള്‍ നഗരം ഐഎസ് തീവ്രവാദികളുടെ കൈയില്‍ നിന്നും സര്‍ക്കാര്‍ സൈന്യത്തിനു ഉടന്‍ മോചിപ്പിക്കുവാന്‍ കഴിയുമെന്നാണ് നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ദീര്‍ഘകാലം ഐഎസ് തീവ്രവാദികളുടെ പിടിയിലായിരുന്ന ഫലൂജ നഗരം അടുത്തിടെ സൈന്യം തിരികെ പിടിച്ചിരുന്നു. ഇതുമൂലം മൊസൂളിലേക്കുള്ള സൈന്യത്തിന്റെ പ്രവേശനം കൂടുതല്‍ വേഗത്തിലായിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ സൈന്യത്തിന്റെ കൈവശം തീവ്രവാദികളെ നേരിടുന്നതിനുള്ള ആയുധങ്ങള്‍ ആവശ്യത്തിന് ഇല്ലെന്ന് 'ദ ന്യൂയോര്‍ക്ക് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു മൂലം മൊസൂളിലേക്കുള്ള പ്രവേശനം വൈകുവാനാണ് സാധ്യത. ഫലൂജ നഗരം സൈന്യം തിരിച്ചുപിടിച്ച വാര്‍ത്ത അറിഞ്ഞ് മടങ്ങി എത്തിയ ആയിരങ്ങള്‍ക്ക് നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.