Meditation. - July 2024
ജീവിതത്തില്‍ ദൈവം എന്തു കൊണ്ട് ദുരിതങ്ങള്‍ അനുവദിക്കുന്നു?
സ്വന്തം ലേഖകന്‍ 04-07-2016 - Monday
''നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍? '' (മത്തായി 25:39).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 4
പ്രശ്‌നങ്ങളും പ്രയാസങ്ങളും നിങ്ങളുടെ മേല്‍ താങ്ങാനാവാത്ത ഭാരമായി മിക്കപ്പോഴും ഭവിക്കാറുണ്ടല്ലോ. ഇങ്ങനെ ജീവിതപ്രയാസങ്ങളും വേദനകളും നിങ്ങളെ കീഴ്‌പ്പെടുത്തുമ്പോള്‍, ഇതിനൊക്കെ എന്തെങ്കിലും പ്രതിഫലം ലഭിക്കുമോ എന്ന് ഇതിനോടകം തന്നെ ചിന്തിക്കാത്ത എത്ര പേര്‍ നിങ്ങളുടെയിടയിലുണ്ട്? എന്നാല്‍ വാസ്തവത്തില്‍, ജീവിതത്തിലുണ്ടാകുന്ന കഷ്ട്ടത ദൈവത്തിലേക്കുള്ള ഒരു പ്രത്യേക പാത കൂടിയാണ് തുറന്ന് തരുന്നത്.
കാറും കോളും തീരെയില്ലാത്ത ഒരു സുഖസഞ്ചാരമാണ് ജീവിതമെങ്കില്‍, അത് നമ്മെ സ്വയം സംതൃപ്തിയിലേക്ക് നയിക്കുകയേയുള്ളൂ. അതേ സമയം ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളുമായി കഷ്ടത നമ്മെ അലോസരപ്പെടുത്തുമ്പോള്‍, പ്രശ്ന പരിഹാരത്തിനായുള്ള കാത്തിരിപ്പ് നമ്മളില്‍ ഉണരുന്നു. അപ്പോഴാണ് നമ്മളുടെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് നാം ദൈവത്തിങ്കലേക്ക് നോക്കുവാന്‍ തുടങ്ങുന്നത്. കഷ്ടതയില്‍ ആശ്വാസവും സഹായവും ലഭിക്കുന്നതിന്, ദൈവത്തോടുള്ള ആഴമായ ബന്ധം ആവശ്യമാണ്.
സന്തോഷത്തിലും സന്താപത്തിലും ദൈവവുമായുള്ള ബന്ധത്തില്‍ നിന്ന്‍ വ്യതിചലിക്കാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. സഭയുടെ ഏറ്റവും മഹത്തായ ദൗത്യങ്ങളിലൊന്ന്, സഹോദരനുമായി പങ്ക് വയ്ക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുക എന്നതാണ്. ''എവിടെയാണോ ദാനവും സ്‌നേഹവുമുള്ളത്, അവിടെയാണ് ദൈവം ഉള്ളതെന്ന്‍" നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്, 26.6.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.