News
കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കണം: പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ മിലിട്ടറി കമാന്‍ഡറിന്റെ കത്ത്
പ്രവാചകശബ്ദം 20-04-2022 - Wednesday
മരിയുപോള്‍: കഴിഞ്ഞ അന്‍പതു ദിവസമായി തുടരുന്ന റഷ്യന്‍ ബോംബാക്രമണത്തില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കഷ്ടപ്പെടുന്ന യുക്രൈനിലെ മരിയുപോള്‍ പട്ടണത്തിലെ ജനങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പക്ക് യുക്രൈന്‍ മിലിട്ടറി കമാന്‍ഡറിന്റെ കത്ത്. തീരദേശ നഗരമായ മരിയുപോളിലെ 36-മത് മറൈന്‍ ബ്രിഗേഡിനെ നയിക്കുന്ന മേജര്‍ സെര്‍ഹി വൊലീനയാണ് ഫ്രാന്‍സിസ് പാപ്പക്ക് കത്തെഴുതിയിരിക്കുന്നത്. താന്‍ സാക്ഷ്യം വഹിച്ച യുദ്ധഭീകരതയെക്കുറിച്ച് വിവരിച്ചുകൊണ്ട് മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുവാന്‍ എന്തെങ്കിലും ചെയ്യണമെന്ന്‍ മേജര്‍ വൊലീന പാപ്പയോട് തന്റെ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥന മാത്രം മതിയാവാത്ത സമയം വന്നുകഴിഞ്ഞുവെന്നും അതുകൊണ്ടാണ് കത്തോലിക്കനല്ലാത്ത താന്‍ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ സഹായം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.
“അങ്ങൊരുപക്ഷേ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ മരിയുപോളില്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങൊരിക്കലും കണ്ടിട്ടുണ്ടാവില്ലെന്ന്‍ എനിക്കുറപ്പുണ്ട്” എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കത്തില്‍, മരിയുപോളില്‍ താന്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഭീകരതകളെക്കുറിച്ച് വിവരിക്കുവാന്‍ തനിക്ക് വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളതെന്നും, കമ്പനികളിലും, ബങ്കറുകളിലുമാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നതെന്നും, വിശപ്പും തണുപ്പും സഹിച്ച് കഴിയുന്ന അവര്‍ ഓരോദിവസവും റഷ്യന്‍ വിമാനങ്ങളുടെ നിരീക്ഷണത്തിലാണെന്നും പറയുന്നുണ്ട്.
മരുന്നും, കുടിവെള്ളവും, ഭക്ഷണവും ഇല്ലാത്തതിനാല്‍ പരിക്കേറ്റവര്‍ ദിവസം ചെല്ലുംതോറും മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിനു സത്യം വെളിപ്പെടുത്തുക, ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ച് സാത്താന്റെ കൈകളില്‍ നിന്നും അവരുടെ ജീവന്‍ രക്ഷിക്കണമെന്നും മേജര്‍ വൊലീന അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 1 മുതലാണ് റഷ്യന്‍ സൈന്യം മരിയുപോളില്‍ കനത്ത ബോംബാക്രമണം ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാതെ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചിരിന്നു.
മരിയുപോളിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും ആശങ്ക അറിയിച്ചിട്ടുണ്ട്. കീഴടങ്ങുവാനുള്ള റഷ്യയുടെ ആവശ്യം യുക്രൈന്‍ നിരസിച്ചതിനെ തുടര്‍ന്ന്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യന്‍ ബോംബിംഗ് മരിയുപോളിനേ ഒരു സെമിത്തേരിയാക്കി മാറ്റിയിരിക്കുകയാണെന്നു യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മെത്രാപ്പോലീത്ത സ്വിയാട്ടോവ് ഷെവ്ചുക്ക് പറഞ്ഞിരിന്നു. റഷ്യന്‍ ആക്രമണത്തില്‍ ആര്‍ക്കും വിശ്വാസമില്ലെന്നും, തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും, അന്ധകാരത്തിനുമേല്‍ പ്രകാശം എപ്പോഴും വിജയം വരിക്കുമെന്ന് തനിക്കറിയാമെന്നും പറഞ്ഞുകൊണ്ടാണ് മേജര്‍ സെര്‍ഹി വൊലീനയുടെ കത്തവസാനിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക