News

ദയാവധം നടപ്പിലാക്കുവാന്‍ വിസമ്മതിച്ച കത്തോലിക്ക നഴ്‌സിംഗ് കെയര്‍ ഹോമിന് ബെല്‍ജിയം കോടതി പിഴ ചുമത്തി

സ്വന്തം ലേഖകന്‍ 05-07-2016 - Tuesday

ബ്രസല്‍സ്: ദയാവധം നടപ്പിലാക്കുവാന്‍ വിസമ്മതിച്ച നഴ്‌സിംഗ് കെയര്‍ ഹോമിന് ബെല്‍ജിയത്തിലെ ലോവൈന്‍ സിവില്‍ കോടതി പിഴ ചുമത്തി. കത്തോലിക്ക സഭയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന നഴ്‌സിംഗ് കെയര്‍ ഹോമിനാണ് പിഴ അടയ്‌ക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്. ശ്വാസകോശ അര്‍ബുദം ബാധിച്ച 74-കാരിയായ മരീറ്റി ബുണ്ട്‌ജെന്‍സ് എന്ന വൃദ്ധയുടെ മൂന്നു മക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി, 6,000 പൗണ്ട് പിഴ നഴ്‌സിംഗ് ഹോമിന് ചുമത്തിയത്. ഡിയസ്റ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റീന്‍ റസ്റ്റ് ഹോമില്‍ ആണ് വൃദ്ധ മാതാവിനെ കന്യാസ്ത്രീകള്‍ പരിചരിച്ചു വന്നത്. വിഷകരമായ ദ്രാവകം കുത്തിവെച്ചോ ജീവന്റെ നിലനില്‍പ്പിനെ സഹായിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിച്ഛേദിക്കുകയോ ചെയ്താണ് രോഗികളെ ദയാവധത്തിലൂടെ മരിക്കുവാന്‍ അനുവദിക്കുന്നത്.

തങ്ങളുടെ മാതാവിന്റെ അസുഖം ഇനി സുഖപ്പെടുകയില്ലെന്നും ഇതിനാല്‍ ദയാവധം അനുവദിക്കണമെന്നും നേരത്തെ മരീറ്റി ബുണ്ട്‌ജെന്‍സിന്റെ മക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന തങ്ങള്‍ക്ക് ജീവന്‍ നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന നിലപാട് നഴ്‌സിംഗ് ഹോം അധികൃതര്‍ മരീറ്റിയുടെ മക്കളെ അറിയിച്ചു. തങ്ങളുടെ ആവശ്യം നടക്കില്ലെന്നു മനസിലാക്കിയ മക്കള്‍, വൃദ്ധ മാതാവിനെ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ഡോക്ടറുമാരുടെ സഹായത്തോടെ ദയവധത്തിന് വിധേയമാക്കുകയായിരുന്നുവെന്ന്‍ കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നഴ്‌സിംഗ് ഹോമിന്റെ എതിര്‍പ്പ് കാരണം അനാവശ്യമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് തങ്ങളുടെ മാതാവ് ഇരയായെന്നും ഇതിനുള്ള നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിക്കണമെന്നും മക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഈ വാദം അംഗീകരിക്കുകയും മൂന്നു മക്കള്‍ക്കും നഴ്‌സിംഗ് ഹോം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. ഓരോ മക്കള്‍ക്കും ആയിരം പൗണ്ട് വീതവും സര്‍ക്കാരിലേക്ക് 3000 പൗണ്ടുമാണ് നഴ്‌സിംഗ് ഹോം പിഴയായി അടയ്‌ക്കേണ്ടത്.

ബെല്‍ജിയത്തിലെ നിയമപ്രകാരം, മെഡിക്കന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ ദയാവധം ചെയ്തു നല്‍കില്ലെന്ന തീരുമാനം എടുക്കുവാന്‍ കഴിയു. ഒരു ഡോക്ടര്‍ക്കോ നഴ്‌സിനോ വ്യക്തിപരമായി ദയാവധം ചെയ്തു നല്‍കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാം. എന്നാല്‍, ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ബന്ധുക്കളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദയാവധം നിര്‍ബന്ധമായും ചെയ്തു നല്‍കുക തന്നെ വേണം. നിലവിലെ കോടതി വിധി രോഗികളെ സ്‌നേഹപൂര്‍വ്വം പരിചരിക്കുന്ന നഴ്‌സിംഗ് ഹോമുകള്‍ പൂട്ടുന്ന അസ്ഥയിലേക്ക് വഴിതെളിക്കുമെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ദയാവധത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന ഡോക്ടര്‍ വിം ഡിസ്‌റ്റെല്‍മാന്‍ വിധിയെ സ്വാഗതം ചെയ്തു. ഒരു നഴ്‌സിംഗ് ഹോമിനെ സ്വകാര്യ വസതിയുടെ സൗകര്യങ്ങളുള്ള സ്ഥാപനമായി മാത്രമേ കാണുവാന്‍ കഴിയൂ എന്ന വിധി ശ്രദ്ധേയമാണെന്ന് വിം ഡിസ്‌റ്റെല്‍മാന്‍ അഭിപ്രായപ്പെട്ടു. ദയാവധം ചെയ്തു നല്‍കുവാന്‍ വിസമ്മതിക്കുന്ന പല നഴ്‌സിംഗ് ഹോമുകള്‍ക്കും വിധി ഒരു പാഠമാണെന്നും അദ്ദേഹം പ്രതികരിച്ചു. മരണത്തിന്റെ ഡോക്ടര്‍ എന്ന് അര്‍ത്ഥം വരുന്ന "ഡോക്ടര്‍ ഡെത്ത്" എന്നാണ് വിം ഡിസ്‌റ്റെല്‍മാന്‍ അറിയപ്പെടുന്നത്.

വിധിക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ബ്രിട്ടനിലും മറ്റു സ്ഥലങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. ലേബര്‍ പാര്‍ട്ടി എംപിയും കത്തോലിക്ക വിശ്വാസിയുമായ റോബര്‍ട്ട് ഫ്‌ളീലോ വിധിയെ അപലപിച്ചു. "ബെല്‍ജിയത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ഒരു വിഭാഗം കെയര്‍ ഹോമുകളും അടച്ചു പൂട്ടുവാന്‍ വിധി വഴിയൊരുക്കും. ഭാവിയില്‍ ഇത്തരം സ്ഥാപനങ്ങളുടെ ശുശ്രൂഷ ആവശ്യമായി വരുന്നവരെ ഇതു പ്രതികൂലമായി ബാധിക്കും. ഇതിലെല്ലാം ഉപരിയായി മനുഷ്യജീവന് ഏറ്റവും താഴ്ന്ന വിലയാണ് ബെല്‍ജിയം നല്‍കുന്നതെന്ന സന്ദേശവും മറ്റുള്ളവര്‍ ഇതിലൂടെ മനസിലാക്കും" റോബര്‍ട്ട് ഫ്‌ളീലോ പറഞ്ഞു. മനുഷ്യജീവിതങ്ങളിലേക്ക് കടന്നു കയറുന്ന ദയാവധത്തെ തടയുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യത്തിലേക്ക് കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003-ല്‍ ആണ് ബെല്‍ജിയത്തില്‍ ദയാവധം നിയമപരമാക്കി മാറ്റിയത്. ഇതിനു ഒരു വര്‍ഷം മുമ്പ് അയല്‍രാജ്യമായ ഹോളണ്ടും ദയാവധം നിയമപരമാക്കിയിരുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് മാത്രമേ ദയാവധം അനുവദിക്കാന്‍ പാടുള്ളുവെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ക്കും ദയാവധം അനുവദിച്ചു നല്‍കാം എന്ന ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരിന്നു. 2010-ല്‍ ദയാവധം അനുവദിച്ചു നല്‍കുവാന്‍ കഴിയുന്ന ഡോക്ടറുമാരുടെ എണ്ണം 954 മാത്രമായിരുന്നു. എന്നാല്‍ ഇവരുടെ എണ്ണം 2015-ല്‍ 2021 ആയി രാജ്യത്ത് ഉയര്‍ന്നു. ബെല്‍ജിയത്തില്‍ നടക്കുന്ന ദയാവധങ്ങള്‍ പലതും കരുതി കൂട്ടിയുള്ള കൊലപാതകങ്ങള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത 'മെഡിക്കല്‍ എത്തിക്‌സ്' എന്ന പ്രസിദ്ധീകരണം കഴിഞ്ഞ വര്‍ഷം പുറത്തു വിട്ടിരുന്നു.