News - 2025
സ്പെയിനിലെ ദേവാലയങ്ങളില്‍ ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമല്ല
പ്രവാചകശബ്ദം 23-04-2022 - Saturday
മാഡ്രിഡ്, സ്പെയിന്‍: കോവിഡ് മഹാമാരിയെ തുടർന്ന് നിര്‍ബന്ധമാക്കിയ മാസ്ക് ധാരണം ഇനിമുതല്‍ സ്പെയിനിലെ ദേവാലയങ്ങളില്‍ നിര്‍ബന്ധമല്ല. ഏപ്രില്‍ 20-നാണ് മാഡ്രിഡ് അതിരൂപത ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. മഹാമാരിയുടെ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമല്ല എന്ന റോയല്‍ ഡിക്രി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് മാഡ്രിഡ് അതിരൂപതയുടെ ഈ തീരുമാനം. ഹോസ്പിറ്റലുകളിലും, പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് തുടരണമെന്നും റോയല്‍ ഡിക്രിയില്‍ പറയുന്നു.
മാസ്ക്ക് നിർബന്ധമല്ലെങ്കിലും വിശ്വാസികള്‍ വിവേകത്തോടെ പെരുമാറണമെന്നും വൈറസ് ബാധക്കുള്ള സാധ്യതകൂടിയവര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 1.5 മീറ്ററില്‍ കുറവോ, അല്ലെങ്കില്‍ അഞ്ചടിയില്‍ കുറവ് അകലത്തിലുള്ള ആളുകളുമായി കൂടുതല്‍ നേരം സംസാരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്ന കാര്യവും അതിരൂപത ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യപരമായ സാഹചര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ മെയ് 11 മുതല്‍ ദിവ്യാരാധനകള്‍ ആരാധനാക്രമത്തില്‍ പറയും പ്രകാരം മാത്രമായിരിക്കുമെന്നു മാഡ്രിഡ് അതിരൂപതയുടെ വികാരി ജനറലായ ഫാ. അവേലിനോ മുന്‍പ് അറിയിച്ചിരിന്നു.