News - 2025

അഫ്ഗാന് പുറമേ, ഇന്ത്യ ഉള്‍പ്പെടെ നാല് രാഷ്ട്രങ്ങളില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

പ്രവാചകശബ്ദം 27-04-2022 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് പുറമേ, മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളേയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട 10 രാഷ്ട്രങ്ങളോടൊപ്പം (സി.പി.സി) ചേര്‍ക്കണമെന്ന ശുപാര്‍ശയുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചില രാജ്യങ്ങളിലെ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയില്‍ തങ്ങള്‍ നിരാശരാണെന്ന്‍ കമ്മീഷന്റെ ചെയറായ നാദൈന്‍ മേയന്‍സി പറയുന്നു.

മതന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയോ, തടവിലാക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്നും, കാലം ചെല്ലുംതോറും സ്ത്രീകളുടെ വിദ്യാഭ്യാസവും പ്രാതിനിധ്യവും ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബര്‍മ, ചൈന, എറിത്രിയ, ഇറാന്‍, ഉത്തര കൊറിയ, പാക്കിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍ ടര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്. പട്ടികയില്‍ ചേര്‍ത്ത് ഒരുവര്‍ഷത്തിന് ശേഷം നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടിയില്‍ കമ്മീഷന്‍ നിരാശ രേഖപ്പെടുത്തുന്നുണ്ട്.

ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കണമെന്നും, കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ബൈഡന്‍ ഭരണകൂടത്തോടു യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെടുന്നതിനു പുറമേ, പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ നൈജീരിയയെ ഉള്‍പ്പെടുത്തുന്ന കാര്യവും, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്ന കാര്യവും എടുത്ത് പറയുന്നുണ്ട്. 2017 മുതല്‍ റഷ്യയേയും സി.പി.സി വിഭാഗത്തില്‍ ചേര്‍ക്കണമെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെട്ടുവരുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ റഷ്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ ദേശീയ അജണ്ട ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ദോഷമായി ബാധിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്യന്‍ ക്രൈസ്തവരും മതപരമായ അസഹിഷ്ണുതക്ക് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനായി കൂടുതല്‍ നടപടികള്‍ കൈകൊള്ളണമെന്നും കമ്മീഷന്റെ വൈസ് ചെയറായ നൂറി ടര്‍ക്കേല്‍ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ അന്വേഷിക്കുകയും കാര്യങ്ങള്‍ ഭരണകൂടത്തെ അറിയിക്കുകയും ചെയ്യുന്ന ഫെഡറല്‍ ഉഭയകക്ഷി കമ്മീഷനാണ് യു.എസ്.സി.ഐ.ആര്‍.എഫ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക