Arts
'വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം'; 4 ഭാഷകളിൽ ആനിമേഷൻ ഡോക്യുമെന്ററി പുറത്തിറക്കി
പ്രവാചകശബ്ദം 14-05-2022 - Saturday
കൊച്ചി: ഭാരതത്തിൽനിന്നുള്ള ആദ്യ അല്മായ വിശുദ്ധനായി നാളെ ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ദേവസഹായത്തെക്കുറിച്ചുള്ള ആനിമേഷൻ ഡോക്യുമെന്ററി വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ നിർമിക്കപ്പെട്ട 30 മിനിറ്റ് ദൈർഘ്യമുള്ള ആനിമേഷൻ ഡോക്യുമെന്ററി കാത്തലിക് ഫോക്കസ് യുട്യൂബ് ചാനലിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. കല്യാൺ രൂപതയുടെ മാധ്യമവിഭാഗവും കാത്തലിക് ഫോക്കസും ചേർന്നാണ് നിർമ്മാണം. പാലാരിവട്ടം പിഓസിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ പ്രകാശനം നിർവഹിച്ചു.
ഉറച്ച വിശ്വാസത്തോടെ നിലകൊണ്ട് വ്യക്തിത്വമായിരുന്നു വാഴ്ത്തപ്പെട്ട ദേവസഹായമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഓസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസകൾ നേർന്നു. ഡോക്യുമെന്ററി പ്രോജക്ട് ഡയറക്ടറും കല്യാൺ മീഡിയ സെൽ ഡയറക്ടറുമായ ഫാ. ഫ്രാങ്ക്ളിൻ ജോസഫ് പൊട്ടനാനിക്കൽ ഡോക്യുമെന്ററി വിശദീകരിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് സ്വാഗതവും ഫാ. ടോണി കോഴിമണ്ണിൽ നന്ദിയും പറഞ്ഞു.