News - 2025

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു

ഷൈമോൻ തോട്ടുങ്കൽ 27-05-2022 - Friday

ന്യൂ ടൌൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു. വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തിൽ വൈദികരും, സന്യസന്യസ്തരും, ഡീക്കന്മാരും, അല്മായ പ്രതിനിധികളും ഉൾപ്പടെ നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് മാർ ക്ലൗഡിയോ ഗുഗുജറോത്തി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ "വിശുദ്ധമായത് വിശുദ്ധർക്ക്" എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി സീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്കാരം എന്നീ വിഷയങ്ങളിൽ , പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ, റവ. ഡോ . ജേക്കബ് കിഴക്കേവീട്, റവ . ഡോ . പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതൻ പ്രൊഫ .ഡോ. സെബാസ്റ്യൻ ബ്രോക്ക്, പ്രൊഫ . ഡോ. പി. സി അനിയൻ കുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഓരോ പ്രബന്ധാവതരണങ്ങൾക്ക് ശേഷം പ്രതിനിധികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ചർച്ചകൾ നടത്തുകയും , അഭിപ്രായങ്ങളും , നിർദേശങ്ങളും ,ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു. രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും ,സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ്, ചാൻസിലർ റവ. ഡോ . മാത്യു പിണക്കാട്ട്, റവ. ഡോ . ജോൺ പുളിന്താനത്ത്, റവ. ഡോ . ജോസഫ് കറുകയിൽ, റവ . ഡോ വർഗീസ്‌ പുത്തൻപുരക്കൽ, ഡോ. മാർട്ടിൻ ആന്റണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു, ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു.


Related Articles »