News - 2025

മോൺ. ഫിലിപ്പ് കുർബെല്യേ വിശ്വാസ തിരുസംഘത്തിന്റെ പുതിയ അണ്ടർ സെക്രട്ടറി

പ്രവാചകശബ്ദം 07-07-2022 - Thursday

റോം: വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിന്റെ പുതിയ അണ്ടർ സെക്രട്ടറിയായി ഫ്രഞ്ച് സ്വദേശിയായ മോൺ. ഫിലിപ്പ് കുർബെല്യേയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇക്കഴിഞ്ഞ ദിവസമാണ്, വിദ്യാഭ്യാസകാര്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടിയുള്ള റോമൻ ഡിക്കാസ്റ്ററിയിൽ സേവനമനുഷ്‌ഠിച്ചു വരികയായിരിന്ന കുർബെല്യേയെ വിശ്വാസപ്രബോധനങ്ങളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി പാപ്പ നിയമിച്ചത്. റോമൻ കൂരിയയയുടെ വകുപ്പുകളിൽ ഏറ്റവും പഴക്കമേറിയതാണ് വിശ്വാസ തിരുസംഘം. കത്തോലിക്ക സഭയെ പാഷണ്ഡതയിൽ നിന്നും തെറ്റായ പ്രബോധനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും, തിരുസഭയുടെ സത്യവിശ്വാസം കൃത്യമായ വിധത്തില്‍ പ്രഘോഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ഉത്തരവാദിത്തമുള്ള വിഭാഗമാണ് വിശ്വാസ തിരുസംഘം. ഇതിലെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഒന്നാണ് മോൺ. ഫിലിപ്പ് കുർബെല്യേയ്ക്കു ലഭിച്ചിരിക്കുന്നത്.

1968 ഓഗസ്റ്റ് 13-ന് ന്യൂലി-സുർ-സീനിൽ ജനിച്ച കുർബെല്യേ, 1995 ഏപ്രിൽ 30-ന് ടൗളൂസ് അതിരൂപതയുടെ വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദവും ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. ഇടവക വികാരി, പയസ് പതിനൊന്നാമന്‍ യൂണിവേഴ്സിറ്റി സെമിനാരിയുടെയും സെന്റ് സിപ്രിയൻ സെമിനാരിയുടെയും ആത്മീയ ഡയറക്ടർ, കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടുലൂസിലെ ഡോഗ്മാറ്റിക് തിയോളജി പ്രൊഫസർ തുടങ്ങീ വിവിധ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2012 മുതൽ സംസ്കാരത്തിനും, വിദ്യാഭ്യാസകാര്യങ്ങൾക്കുംവേണ്ടിയുള്ള റോമൻ ഡിക്കാസ്റ്ററിയിൽ സേവനമനുഷ്‌ഠിച്ചു വരികയായിരിന്നു അദ്ദേഹം.


Related Articles »