News - 2024
കൗദാശിക വാക്യങ്ങളും വസ്തുക്കളും മാറ്റാൻ പാടില്ല: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
പ്രവാചകശബ്ദം 04-02-2024 - Sunday
വത്തിക്കാന്‍ സിറ്റി: കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ്. “ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള കുറിപ്പ് ശനിയാഴ്ചയാണ് (03/02/24) വിശ്വാസ തിരുസംഘം പുറപ്പെടുവിച്ചത്. സഭയുടെ ആരാധനാക്രമ ജീവിതത്തിൻ്റെ സൂക്ഷിപ്പുകാരും പരിപോഷകരും എന്ന നിലയിലുള്ള ബിഷപ്പുമാരെ അവരുടെ ചുമതലകളിൽ സഹായിക്കാനാണ് പുതിയ കുറിപ്പ്.
തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും സെക്രട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തേയൊയും ഒപ്പുവെച്ച കുറിപ്പിന് ഫ്രാൻസിസ് പാപ്പ ജനുവരി 31-ന് അംഗീകാരം നല്‍കിയിരിന്നു. കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട വാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും കാര്‍മ്മികന് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കാനൻ നിയമസംഹിതയിൽ സംഗ്രഹിച്ചിരിക്കുന്നത് പ്രകാരം അധികാരികൾ പുറപ്പെടുവിച്ച ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ‘ഒന്നും കൂട്ടിച്ചേർക്കുകയോ' നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യാതെ അത് വിശ്വസ്തതയോടെ നിരീക്ഷിക്കേണ്ടതാണ്. പദാർത്ഥത്തിലേക്കോ രൂപത്തിലേക്കോ ഉള്ള ഏകപക്ഷീയമായ മാറ്റങ്ങൾ കൂദാശ കൃപയുടെ ഫലപ്രദമായ ദാനത്തെ അപകടത്തിലാക്കുന്നു.
പരിശുദ്ധാത്മാവിൻ്റെ വിശുദ്ധീകരണ ശക്തി കൂദാശകളുടെ അടയാളങ്ങളിലൂടെ വിശ്വാസികളിൽ പ്രവർത്തിക്കുന്നു. അവരെ കർത്താവായ ക്രിസ്തു എന്ന മൂലക്കല്ലിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ആത്മീയ മന്ദിരത്തിൻ്റെ ജീവനുള്ള കല്ലുകളാക്കി മാറ്റുന്നു. അവരെ ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിൽ പങ്കാളികളാക്കുന്നു. പങ്കുവെച്ച കുറിപ്പ് കേവലം സാങ്കേതികതയുടെയോ കാർക്കശ്യത്തിന്റെയോ പ്രശ്നമല്ലായെന്നും പ്രത്യുത, ദൈവത്തിന്റെ പ്രവർത്തനത്തിൻറെ മുൻഗണനയെ സുവ്യക്തമായി പ്രകടിപ്പിക്കുകയും ക്രിസ്തു ശരീരമായ സഭയുടെ ഐക്യം താഴ്മയോടെ സംരക്ഷിക്കുകയുമാണെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.