Faith And Reason - 2024

81 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം: കന്യക മാതാവിന്റെ സന്നിധിയിൽ നന്ദിയര്‍പ്പിച്ച് കോസ്റ്റ റിക്കൻ ക്ലബ്ബ്

പ്രവാചകശബ്ദം 11-07-2022 - Monday

മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലെ ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ 81 വർഷങ്ങൾക്ക് ശേഷം കിരീടം സ്വന്തമാക്കിയ ക്ലബ് സ്പോർട്ട് കാർട്ടാജൻസ് ഡിപ്പോർട്ടീവ ടീം കിരീടവുമായി രാജ്യത്തിന്റെ സ്വർഗീയ മധ്യസ്ഥയായ ദൈവമാതാവിന്റെ സന്നിധിയില്‍ നന്ദിയര്‍പ്പിക്കാന്‍ എത്തി. ജൂലൈ എട്ടാം തീയതി വെള്ളിയാഴ്ചയാണ് ടീം മുഴുവന്‍ കാർട്ടാഗോയിലെ 'മാലാഖമാരുടെ രാജ്ഞി'യുടെ ബസിലിക്ക ദേവാലയത്തിൽ നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനെത്തിയത്. കളിക്കാരും, പരിശീലകരും, ആരാധകരും ഉൾപ്പെടെ നിരവധി പേർ കാർട്ടാഗോയിലെ ബിഷപ്പ് എമരിറ്റസ് മോൺ. ജോസ് ഫ്രാൻസിസ്കോ ഉല്ലോയ അർപ്പിച്ച ദിവ്യബലിയിലും സജീവമായി പങ്കെടുത്തു. തിരക്ക് കാരണം നിരവധി ആളുകൾ ദേവാലയത്തിന് പുറത്ത് നിന്നാണ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്.

ബസിലിക്കയുടെ റെക്ടർ ഫാ. മിഗ്വേൽ അഡ്രിയാൻ റിവേറ മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളുടെ ഉപമയെ ആസ്പദമാക്കി വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി. ദൈവത്തിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾ ദൈവത്തിനു വേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്ലബ് മാനേജരായ ലിയാനാർഡോ വർഗാസ് മാസിസ് മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിനും ക്ലബ് പ്രേമികള്‍ക്കും, നന്ദി പറഞ്ഞു. പരിശുദ്ധ കന്യകാമറിയം തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും, പ്രതികൂല സാഹചര്യങ്ങളിലും ഉറച്ചു നിൽക്കാൻ സഹായിച്ചുവെന്നും, അതിനാൽ തങ്ങൾ നേടിയ കിരീടം പരിശുദ്ധ കന്യാമറിയത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 2021 ജൂലൈ മാസം ടൂർണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ക്ലബ്ബ് സ്ഥാപിതമായതിന്റെ 115 വാർഷികത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക വിശുദ്ധ കുർബാനയും കാർട്ടാജൻസ് സംഘടിപ്പിച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »