News - 2025

500 വര്‍ഷം പഴക്കമുള്ള സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി ആദ്യമായി മലയാളി സിസ്റ്റര്‍

പ്രവാചകശബ്ദം 17-07-2022 - Sunday

കൊച്ചി: അഞ്ഞൂറു വർഷം പഴക്കവും ഇറ്റലിയിലും ഇന്ത്യയിലും ആഫ്രിക്കയിലും സന്യാസിനികളും സ്ഥാപനങ്ങളുമുള്ള മംഗളവാർത്തയുടെ അഗസ്റ്റീനിയൻ സന്യാസിനീസമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ടെറസിറ്റ ഇടയാടിൽ തെരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറൻസിനടുത്തുള്ള സാൻ ജൊവാന്നി വൽദാർണോയിലെ ജനറലേറ്റിൽ ഇന്നലെ ചേർന്ന ചാപ്റ്ററാണ് തീരുമാനമെടുത്തത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഈ സന്യാസസമൂഹത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സുപ്പീരിയർ ജനറലാണ് സിസ്റ്റർ ടെറസിറ്റയെന്നത് ശ്രദ്ധേയമാണ്.

കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍ ജോൺ -ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമത്തെ മകളായാണ് ടെറസിറ്റയുടെ ജനനം. പിന്നീട് മംഗളവാർത്തയുടെ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ ഭവനം കൊച്ചിരൂപതയിൽ 1986-ൽ ആണ് ആരംഭിച്ചത്. സന്യാസസമൂഹത്തിൽ നിരവധി ശുശ്രൂഷകൾ നിർവഹിച്ചിട്ടുള്ള സിസ്റ്റർ ടെറസില്ല കേരളത്തിലെയും ഇറ്റലിയിലെയും വിവിധ മഠങ്ങളിലും സേവമനുഷ്ഠിച്ചിട്ടുണ്ട്. ജനറൽ കൗൺസിൽ അംഗമായും സന്യാസാർത്ഥിനികളുടെ മിസ്ട്രസ്സായും പള്ളുരുത്തി, റോം, സാൻ ദൊമേനിക്കോ എന്നിവിടങ്ങളിലെ സന്യാസസമൂഹങ്ങളിൽ സുപ്പീരിയറായും സേവനം ചെയ്തിരിന്നു.


Related Articles »