News - 2024
ശ്രീലങ്കയില്‍ നിന്നുള്ള സിസ്റ്റര്‍ ഹെലീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു; വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ ശ്രീലങ്കന്‍ വനിതയായി സിസ്റ്റര്‍ ഹെലീന
സ്വന്തം ലേഖകന്‍ 11-07-2016 - Monday
കൊളംമ്പോ: ദിവംഗതരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള വത്തിക്കാന്‍ സമിതി, ശ്രീലങ്കക്കാരിയായ സിസ്റ്റര്‍ ഹെലീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നിന്നും വിശുദ്ധരാക്കുവാന്‍ പരിഗണിക്കപ്പെടുന്നവരുടെ ഗണത്തിലെ മൂന്നാമത്തെ വ്യക്തിയാണ് സിസ്റ്റര്‍ ഹെലീന. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യ നടപടിയായിട്ടാണ് ഒരാളെ ദൈവദാസന്‍ അല്ലെങ്കില്‍ ദൈവദാസിയായി പ്രഖ്യാപിക്കുന്നത്. വൈദികനായ ബാസ്റ്റിയാംപിലായി അന്തോണിപിലായി തോമസ്, ആര്‍ച്ച് ബിഷപ്പ് തോമസ് കര്‍ദിനാള്‍ കൂറായ് എന്നിവരെ നേരത്തെ ദൈവദാസരായി പ്രഖ്യാപിച്ചിരിന്നു.
1848-ല്‍ ശ്രീലങ്കയിലെ ഗോണാവില്ലയില്‍, ഏഴു സഹോദരങ്ങളുള്ള വലിയ കത്തോലിക്ക കുടുംബത്തിലാണ് സിസ്റ്റര്‍ ഹെലീന ജനിച്ചത്. അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നുവെങ്കിലും പിതാവ് ബുദ്ധമത വിശ്വാസിയായിരുന്നു. ഹെലീനയുടെ പിതാവ് പിന്നീട് മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഹെലീനയുടെ പിതാവും മൂത്ത സഹോദരനും ആഭിചാര കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കുന്ന പ്രവര്‍ത്തികളിലേക്ക് തിരിഞ്ഞെങ്കിലും പെണ്‍മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ഹെലീനയുടെ മാതാവ് പ്രത്യേകം ശ്രദ്ധിച്ചു.
1863-ല്‍ കന്യസ്ത്രീയാകുവാനായി സിസ്റ്റര്‍ ഹെലീന പ്രാദേശിക കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നു. മാനസികവും ശാരീരികവുമായ പീഡനങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിയ സിസ്റ്റര്‍ ഹെലീന പ്രാര്‍ത്ഥനാ ജീവിതത്തില്‍ അടിയുറച്ച് നിന്നു. 1870 മുതല്‍ സിസ്റ്റര്‍ ഹെലീനയ്ക്ക് ശരീരത്തില്‍ ക്രിസ്തുവിന്റെ പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടായി. 1931 ഫെബ്രുവരി എട്ടാം തീയതി തന്റെ 82-ാം വയസിലാണ് സിസ്റ്റര്‍ ഹെലീന അന്തരിച്ചത്. സിസ്റ്റര്‍ ഹെലീനയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാദേശിക നടപടി ക്രമങ്ങള്‍ക്കായി ചില്ല്‌വാ രൂപതയുടെ മെത്രാനായിരിക്കുന്ന ബിഷപ്പ് വാലന്‍സ് മെന്‍ഡിസ് ഒന്‍പതു പേരടങ്ങുന്ന പ്രത്യേക കമ്മിറ്റിയേ നിയോഗിച്ചിട്ടുണ്ടെന്ന് ഫാദര്‍ ചാമിണ്‍ഡാ ഫെര്‍ണാഡോ അറിയിച്ചതായി യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ മൂന്നാം തീയതി കമ്മീഷന്‍ പ്രത്യേകം യോഗം കൂടി ഭാവി നടപടികളെ കുറിച്ച് ആലോചിച്ചിരുന്നു. വത്തിക്കാനില്‍ നിന്നുള്ള പുതിയ നടപടി ശ്രീലങ്കയിലെ കത്തോലിക്ക സഭാ വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. ദൈവദാസിയുടെ കബറിടത്തില്‍ നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത്.