News - 2025

പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്

പ്രവാചകശബ്ദം 22-07-2022 - Friday

കീവ്: റഷ്യന്‍ അധിനിവേശനത്തിനിടെയുള്ള ആക്രമണത്തിനിടെ പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് യൂറോപ്യൻ മെത്രാൻ: സംഘടനകളുടെ ഉപദേശകസമിതി പ്രസിഡന്‍റും ലിത്വാനിയയിലെ വിൽനിയൂസ് ആർച്ച്ബിഷപ്പുമായ ജിൻടാരസ് ഗ്രുസാസ്. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രൈനിലേക്കുള്ള സന്ദർശനത്തിനിടെയാണ് ആര്‍ച്ച് ബിഷപ്പ് മിലിട്ടറി ചാപ്ലൻസിയുടെ ഉപാധ്യക്ഷൻ ഫാ. ആന്ധ്രി സെലിൻസ്കിയ്ക്കൊപ്പം പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് ആശ്വാസം പകര്‍ന്നത്. യുക്രൈൻ ജനതയുടെ ഇന്നത്തെ വേദനകളും പ്രതിസന്ധിയും ഭാവിയിൽ രാജ്യത്തിന്റെ ക്ഷേമത്തിനും സമൃദ്ധിക്കും കാരണമാകട്ടെയെന്ന് പട്ടാളക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ആർച്ച്ബിഷപ്പ് ഗ്രുസാസ് ആശംസിച്ചു.

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഗുരുതരമായ പരിക്കുകൾ ഏൽക്കേണ്ടിവന്ന പട്ടാളക്കാരുടെ ഉയർന്ന പോരാട്ടവീര്യം ലക്ഷ്യബോധവും ആശുപത്രിയിലെ ചെറിയ ഈ സംഭാഷണവേളയിൽ ആർച്ച്ബിഷപ്പ് ഗ്രുസാസിന് മനസ്സിലാക്കാനായെന്ന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. ലിത്വാനിയയിലെ മിലിട്ടറി ചാപ്ലൻസിയുടെ അധ്യക്ഷൻ എന്ന നിലയിൽ ആർച്ച്ബിഷപ്പ് ജിൻടാരസ് ഗ്രുസാസ് പട്ടാളക്കാർക്കായുള്ള അജപാലനരംഗത്ത് ഏറെക്കാലം ചിലവഴിച്ചിട്ടുണ്ട്.

അതേസമയം യുക്രൈനിൽ റഷ്യൻ സൈനികർ വിവിധ സിറ്റികളിൽ ഷെല്ലാക്രമണം നടത്തുന്നത് തുടരുകയാണ്. നിരപരാധികൾ കൊല്ലപ്പെടുന്നതിനും നൂറുകണക്കിനാളുകൾ അവരുടെ സർവ്വവും ഉപേക്ഷിച്ചു പലായനം ചെയ്യുന്നതിനും ഇത് ഇടയാക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്സ് ഓസ്റ്റിൻ പറഞ്ഞു. അഞ്ചു മാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനു റഷ്യയാണു തീരുമാനിക്കേണ്ടതെന്നും അതിനു റഷ്യ തയാറാകുന്നില്ലെങ്കിൽ യുക്രൈന് കൂടുതൽ മിലിറ്ററി സഹായം ചെയ്യുന്നതിന് യുഎസ് തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related Articles »