News - 2024
യുഎസിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നൈറ്റ്സ് ഓഫ് കൊളംമ്പസിന്റെ അധ്യക്ഷന്‍ ആഹ്വാനം ചെയ്തു
സ്വന്തം ലേഖകന്‍ 11-07-2016 - Monday
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സന്നദ്ധ കൂട്ടായ്മ 'നൈറ്റ്സ് ഓഫ് കൊളംമ്പസി'ന്റെ അധ്യക്ഷന്‍ യുഎസില്‍ സമാധാനം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. കാരള്‍ ആന്റേഴ്‌സണാണ് 'വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നൊവേന' ചൊല്ലി സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡള്ളാസില്‍ ജൂലൈ ഏഴാം തീയതി അഞ്ചു പോലീസുകാര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ നടത്തിയ ഒരു പ്രകടത്തിനെ തുടര്‍ന്നു നടന്ന ആക്രമണത്തിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്.
ഈ സംഭവത്തിനു രണ്ടു ദിവസം മുമ്പ് 37-കാരനായ അള്‍ട്ടണ്‍ സ്റ്റേര്‍ളിംഗ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു മുമ്പും കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടന്ന ചില പോലീസ് നടപടികളിലും ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ യുഎസില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം തുടര്‍ച്ചയായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ അക്രമം അവസാനിക്കാതെ അരങ്ങേറുകയാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ 14 മുതല്‍ 22 വരെ സമാധാന പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ആഹ്വാനം ഉണ്ടായിരിക്കുന്നത്.
ബാള്‍ട്ടിമോറി ആര്‍ച്ച് ബിഷപ്പ് വില്യം ഓ. മോറിയാണ് ക്‌നൈറ്റ് ഓഫ് കൊളംമ്പസിന്റെ രക്ഷാധികാരി. അക്രമവും അരാചകത്വവും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും ആളുകളുടെ ഹൃദയത്തില്‍ നിന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകള്‍ മാറുന്നതിനായി എല്ലാവരും ഒരുമയോടെ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ഇരുട്ട് നിറഞ്ഞ സ്ഥലങ്ങളില്‍ വെളിച്ചമായി മാറുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.