News - 2025
‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി
പ്രവാചകശബ്ദം 06-08-2022 - Saturday
ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണിയാണ് ഹര്‍ജിക്കാരന്‍. കരീന കപൂര്‍ തന്റെ പുസ്തകത്തിനു “പ്രഗ്നന്‍സി ബൈബിള്‍” എന്ന് പേര് നല്‍കിയിരിക്കുന്നതാണ് പരാതിക്ക് ആധാരം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ബൈബിളിന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ കരീന കപൂറിന്റെ പുതിയ പുസ്തകത്തിന്റെ തലക്കെട്ട് പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. അസ്വീകാര്യമായ പ്രവര്‍ത്തി കൊണ്ട് ക്രൈസ്തവരെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് കരീനയുടെ ശീലമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തന്റെ വാദങ്ങളെ പിന്തുണക്കുന്നതിനായി ബ്രദേഴ്സ് എന്ന ബോളിവുഡ് സിനിമയിലെ “മേരാ നാം മേരി ഹെ, മേരി സൗ ടക്കാ തേരി ഹെ” എന്ന ഗാനവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടും തന്റെ പരാതിയില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 3-ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ പലിവാലിന്റെ ബെഞ്ച് സംസ്ഥാനത്തെ കക്ഷിയാക്കുവാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും, കേസ് ആറാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
ഗര്‍ഭവതിയായിരുന്ന കാലത്തെ കരീനയുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രഗ്നന്‍സി ബൈബിള്‍ ജൂലൈ 9-നാണ് ജഗ്ഗര്‍നട്ട് ബുക്സ് പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നാണ് രണ്ടു മക്കളുടെ അമ്മയായ താരം പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബൈബിള്‍ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്രിസ്റ്റഫര്‍ ആന്റണിയ്ക്കു പുറമേ, ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയും കരീനയുടെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.