News - 2025

റഷ്യ - യുക്രൈന്‍ യുദ്ധത്തിന് ആറു മാസം; ഫ്രാൻസിസ് പാപ്പ സെലെന്‍സ്കിയുമായി മൂന്നാമതും ഫോണില്‍ സംസാരിച്ചു

പ്രവാചകശബ്ദം 14-08-2022 - Sunday

കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം ആറുമാസത്തോടടുക്കുന്ന സാഹചര്യത്തില്‍ യുക്രൈന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി മൂന്നാമതും ടെലിഫോണില്‍ സംസാരിച്ചു. സെലെന്‍സ്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-നായിരുന്നു ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം. യുക്രൈന് വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച സെലെന്‍സ്കി, റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതകള്‍ ലോകത്തെ അറിയിക്കുന്നതിന് ആഗോള ആത്മീയ നേതാക്കളുടെ പിന്തുണ തങ്ങള്‍ക്കാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. വത്തിക്കാനിലെ യുക്രൈന്‍ അംബാസിഡര്‍ ആന്‍ഡ്രി യുറാഷും ഫ്രാന്‍സിസ് പാപ്പയും സെലെന്‍സ്കിയും തമ്മില്‍ ഫോണില്‍ സംസാരിച്ച കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് പാപ്പ, കീവ് സന്ദര്‍ശിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച യുറാഷ്, യുക്രൈന്‍ രാഷ്ട്രവും സമൂഹവും ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറില്‍ കസാഖിസ്ഥാനോടൊപ്പം പാപ്പ യുക്രൈന്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ പരിശുദ്ധ സിംഹാസനം ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നടത്തിയിട്ടില്ല. പല പ്രാവശ്യം യുക്രൈന്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. സെപ്റ്റംബര്‍ 14, 15 തീയതികളിലായി നടക്കുന്ന ലോകനേതാക്കളുടേയും, പരമ്പരാഗത മതങ്ങളുടേയും കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാഖിസ്ഥാനിലേക്ക് പോകുന്നത്.

റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറില്‍ ഈ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്ലാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസുമായി യുക്രൈന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് പാപ്പ കൂടിക്കാഴ്ച നടത്തിയാല്‍ അത് യുക്രൈന്‍ ജനതയെ വൃണപ്പെടുത്തുമെന്നും, മറിച്ച് പാപ്പ കീവ് സന്ദര്‍ശിക്കുകയാണെങ്കില്‍ പുടിനെ അനുകൂലിക്കുന്ന പാത്രിയാര്‍ക്കീസ് കിറില്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് വിസമ്മതിക്കുമെന്നുമാണ് ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച് ഒരഭിമുഖത്തില്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയും പാത്രിയാര്‍ക്കീസ് കിറിലും തമ്മില്‍ കൂടിക്കാഴ്ച നടത്തുവാനിരുന്നതാണ്. യുദ്ധം കാരണം കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. യുദ്ധം തുടങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാപ്പ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.


Related Articles »