News - 2025
ചൈനയിലെ ക്രൈസ്തവ പീഡനങ്ങള്‍ക്കു നടുവിലും ബൈബിള്‍ അച്ചടിയില്‍ രാജ്യം കുതിക്കുന്നു
സ്വന്തം ലേഖകന്‍ 13-07-2016 - Wednesday
ബെയ്ജിംഗ്: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈന, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി പ്രിന്റിംഗ് കമ്പനി ജൂണ്‍ ഒന്നാം തീയതി വരെയുള്ള കണക്കു പ്രകാരം 148 മില്യണ്‍ ബൈബിളുകള്‍ അച്ചടിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ അച്ചടിച്ചു തീര്‍ക്കുന്ന ബൈബിളുകളുടെ എണ്ണം 150 മില്യണ്‍ കഴിയും.
ഈ നേട്ടത്തെ പറ്റി വടക്ക് കിഴക്കന്‍ ചൈനയിലെ അമിറ്റി ഗ്രൂപ്പിന്റെ വക്താവായ പിയോ പ്രതികരിച്ചത് ഇങ്ങനെയാണ്, "ചൈനയിലെ സഭ പീഡനങ്ങള്‍ക്ക് ഇരയാകുമ്പോഴും വിശുദ്ധ ഗ്രന്ഥം അച്ചടിക്കുന്നതില്‍ കൈവരിച്ചിരിക്കുന്ന ഈ അമൂല്യ നേട്ടം, ദൈവകൃപ ചൈനയിലെ സഭയുടെ മേല്‍ വര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഞാന്‍ ഇതിനെ കരുതുന്നു, വളരെ കൌതുകകരമായ ഒരു കണക്ക് കൂട്ടല്‍ ഞാന്‍ നടത്തി. ഒരു ബൈബിളിന്റെ ശരാശരി ഘനം അഞ്ച് സെന്റീമീറ്ററായി കൂട്ടിയാല്‍ തന്നെ 8,848 മീറ്റര്‍ നീളമുള്ള മൗണ്ട് എവറസ്റ്റിന്റെ നേര്‍ക്ക് 150 മില്യണ്‍ ബൈബിളുകള്‍ 848 തവണ ഉയര്‍ത്തിവയ്ക്കാന്‍ കഴിയും". ചൈന ക്രിസ്റ്റ്യന്‍ ഡെയിലിക്ക് നല്കിയ അഭിമുഖത്തിലാണ് പിയോ പ്രതികരിച്ചത്.
പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ നേതാക്കന്‍മാര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ് പുതിയ റെക്കോര്‍ഡ്. യൂണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയും അമിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് രൂപം കൊടുത്ത അച്ചടി കമ്പനിയാണ് അമിറ്റി പ്രിന്റിംഗ്. 70 രാജ്യങ്ങളിലേക്ക് 90 ഭാഷകളില്‍ ഇവിടെ നിന്നും ബൈബിള്‍ അച്ചടിക്കുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുവിശേഷം എത്തിക്കുന്നതിനായും ഇവിടെ നിന്നും ബൈബിള്‍ അച്ചടിക്കുന്നു. അന്ധര്‍ക്കുള്ള ബ്രെയിലി ലിപിയിലെ ബൈബിളും ഇവിടെ നിര്‍മ്മിക്കപ്പെടുന്നു. 20 മില്യണ്‍ ബുക്കുകള്‍ ഓരോ വര്‍ഷവും അച്ചടിക്കുവാന്‍ കഴിയുന്ന പ്രസാണ് അമിറ്റി പ്രിന്റിംഗ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. എതോപ്യയിലും തങ്ങളുടെ പുതിയ ശാഖ അമിറ്റി പ്രിന്റിംഗ് പ്രസ് ആരംഭിച്ചിട്ടുണ്ട്.
