News
മലയാളം ഉള്‍പ്പെടെ 25-ല്‍ അധികം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍; BibleOn പുതിയ വേര്‍ഷന്‍ പുറത്തിറക്കി
പ്രവാചകശബ്ദം 15-08-2024 - Thursday
കൊച്ചി: മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിൽ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേൾക്കാനുമുള്ള “ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിൻ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിൽ ഗ്രന്ഥ രൂപത്തിലും, ഓഡിയോ രൂപത്തിലുമുള്ള ബൈബിൾ മൊബൈല്‍ ആപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. "ലോകം മുഴുവൻ ദൈവവചനം എത്തിക്കുക" എന്ന ലക്ഷ്യത്തോടുകൂടി രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിയമപരമായ വിലക്കുകളുള്ള രാജ്യങ്ങളിലും ലിപിയില്ലാത്ത ഭാഷകളിലും ദൈവവചനം എത്തിക്കുക എന്ന മിഷ്ണറി ആശയത്തില്‍നിന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പിറവി.
ഒരു അദ്ധ്യായം കഴിയുമ്പോൾ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡിൽ വരുന്ന ക്രമത്തിലും, കേൾവി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഭാഷയിൽ വീണ്ടും വായിക്കാനും കേൾക്കാനുമുള്ള സംവിധാനവും, ഓരോരുത്തർക്കും ആകർഷകമായ രീതിയിൽ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിൾ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്.
- ഈ മൊബൈൽ ആപ്ലിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
▛ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്ലെസ്റ്റോര്‍ ലിങ്ക്:
▛ ഐ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആപ്പിള്‍ സ്റ്റോര്‍ ലിങ്ക്:
▛ വെബ്സൈറ്റ് ലിങ്ക്:
ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലിനും തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ് നേരത്തെ ലഭിച്ചിരിന്നു. ഫാ. ജോസുകുട്ടി എസ്‌ഡിബി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.