News - 2024
ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ച് വത്തിക്കാന്‍
പ്രവാചകശബ്ദം 18-08-2022 - Thursday
സാവോ ടോം: പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ദ്വീപു രാഷ്ട്രമായ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ച് വത്തിക്കാന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയാമിക അംഗീകാരം നല്കുന്നതാണ് ഈ ഉടമ്പടി. ഇക്കഴിഞ്ഞ 15ന് (15/08/22) സാവോ ടൊമെയിൽ വച്ച് പരിശുദ്ധസിംഹാസനത്തിനു വേണ്ടി രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് ജൊവാന്നി ഗാസ്പരിയും സാവൊ ടൊമേ എ പ്രിൻസിപിയുടെ വിദേശകാര്യമന്ത്രി എജീച് റമോസ് ദ കോസ്ത തെൻ ഷുവായും ചേര്‍ന്നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്.
രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയാമിക അംഗീകാരം നല്കുന്നതും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങൾക്ക് നൈയാമിക ചട്ടക്കൂടുണ്ടാക്കുന്നതുമായ ഈ ഉടമ്പടി ഇരു പ്രതിനിധികളും ഒപ്പിട്ടതോടെ പ്രാബല്യത്തിലാകും. പരിശുദ്ധ സിംഹാസനവും സാവൊ ടൊമേ എ പ്രിൻസിപിയും തമ്മിലുള്ള സൗഹൃദ-സഹകരണ ബന്ധങ്ങളെ സുദൃഢമാക്കുവാന്‍ 28 വകുപ്പുകളുള്ള ഉടമ്പടി സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ ആഫ്രിക്കൻ രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പ. മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്. രാജ്യത്തെ ജനസംഖ്യയുടെ 63% കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്.