News - 2024
ക്യൂബയിലെ ഏകാധിപത്യ ഭരണകൂടം ജെസ്യൂട്ട് സുപ്പീരിയറിനെ ദ്വീപില്‍ നിന്നും പുറത്താക്കി
പ്രവാചകശബ്ദം 17-09-2022 - Saturday
ഹവാന: വടക്കേ അമേരിക്കന്‍ ദ്വീപ് രാജ്യമായ ക്യൂബയിലെ ഏകാധിപത്യ ഭരണ കൂടം ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ് വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ രാജ്യത്ത് നിന്നും പുറത്താക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13-ന് റെസിഡന്‍സ് വിസ പുതുക്കി നല്‍കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. അദ്ദേഹം ക്യൂബ വിട്ടുവെന്ന്‍ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാ-കാനലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ ജെസ്യൂട്ട് വൈദികരുടെ രാഷ്ട്രീയവും, വിമര്‍ശനാത്മകവുമായ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു ഏകാധിപത്യ ഭരണകൂടം നിര്‍ദ്ദേശം നല്കിയിരിന്നു.
ക്യൂബന്‍ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ പ്രമുഖരായ പലരും രംഗത്ത് വന്ന്‍ തുടങ്ങിയിട്ടുണ്ട്. ക്യൂബന്‍ ഭരണകൂടം തത്ത്വങ്ങളോ, മൂല്യങ്ങളോ പരിഗണിക്കാതെ തങ്ങളുടെ സ്വേച്ഛാധിപത്യ ശക്തി ഉപയോഗിച്ച് ഫാ. പാന്തലിയോണിനെ രാജ്യം വിടുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് കര്‍ദ്ദിനാള്‍ സാഞ്ച സമൂഹാംഗമായ സിസ്റ്റര്‍ അരിയാഗ്ന ബ്രിറ്റോ റോഡ്രിഗസ് പറയുന്നു. സത്യത്തേയും, നന്മയുടെ മുഖത്തേയും അവര്‍ ഭയപ്പെടുകയാണെന്നും, അവരെ അലട്ടുന്ന കാര്യങ്ങളെ ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അധികാരം ഉപയോഗിച്ച് ജനങ്ങളെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ പണം കൊണ്ട് തിന്നുകൊഴുത്തവരാണ് ശരിക്കും രാജ്യം വിടേണ്ടതെന്നും, അവര്‍ക്കാണ് ശിക്ഷ ലഭിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. 2020 നവംബറില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിരാഹാര സമരമിരുന്ന സാന്‍ ഇസിദ്രോ മൂവ്മെന്റിന്റെ പ്രവര്‍ത്തകര്‍ക്ക് ഫാ. പാന്തലിയോണ്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദ്വീപിലെ തന്റെ അഞ്ച് വര്‍ഷത്തെ സേവനത്തിനിടയില്‍, വിശ്വാസികളെ വേണ്ടവിധം പരിഗണിക്കുകയും, ജയില്‍ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള അജപാലക പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും കൂടാതെ നടത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഫാ. പാന്തലിയോണെന്ന്‍ ജെസ്യൂട്ട് സമൂഹം അനുസ്മരിച്ചു.