അമേരിക്കയിൽനിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസാ, പെറു എന്ന തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാപിതാക്കന്മാരിൽ ജനിച്ചു. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൌന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു.
ആഴ്ചയിൽ മൂന്നുപ്രാവശ്യം റൊട്ടിയും വെള്ളവും മാത്രം കഴിച്ച് അവൾ ഉപവസിച്ചുപോന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾക്കിരീടവും അവൾ ധരിച്ചിരുന്നു. വളർന്നു വന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ് അവൾ അധികവും നട്ടുവളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും വരുമ്പോൾ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപമാക്കിയിരുന്നു.
ഒരിക്കൽ ഒരു യുവാവ് തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തിൽ താഴ്ത്തി. സ്വന്തം പരീക്ഷകൾ ജയിക്കാനല്ല അപരർക്ക് പരീക്ഷ ഉണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്. സീയെന്നായിലെ കത്രീനയായിരുന്നു അവളുടെ മാതൃക.
മാതാപിതാക്കന്മാരുടെ സമ്പത്ത് നശിച്ചു അവർ വലഞ്ഞു തുടങ്ങിയപ്പോൾ റോസ അടുത്തവീട്ടിൽ സൂചിപ്പണിയും തൊട്ടപ്പണിയും ചെയ്തു കുടുംബച്ചെലവ് നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു.
മുള്ളുകളുടെ ഇടയിൽ തന്നെയാണ് ഈ റോസും വികസിച്ചത്. ദീർഘമായ രോഗത്തിലും സഹനത്തിലും വി. റോസിന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: "കർത്താവേ, എന്റെ സഹനങ്ങൾ വർദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വർദ്ധിപ്പിക്കുക."
1617 ആഗസ്റ്റ് 24-ാം തിയതി 31-മത്തെ വയസ്സിൽ ഈ പുഷ്പം വാടിവീണു. 1617-ൽ പത്താം ക്ളെമന്റു മാർപാപ്പാ അവളെ പുണ്യവതി എന്ന് പേർ വിളിച്ചു.
വിചിന്തനം:
കുരിശുരൂപം കയ്യിലെടുത്ത് സ്നേഹപൂർവ്വം ഈശോയുടെ മുറിവുകൾ ചുംബിക്കുക. അവിടുത്തോട് ഒരു പ്രസംഗം പറയുവാൻ അഭ്യർത്ഥിക്കുക. മുൾമുടിയും ആണിയും ദിവ്യരക്തവും പറയുന്ന വാക്കുകൾ ശ്രവിക്കുക. ഓ, എന്തൊരു പ്രഭാഷണം! (കുരിശിന്റെ വി. പൗലോസ്)
ഇതര വിശുദ്ധര്‍
St. Philip Benizi
St. Apollinaris
St. Ascelina
St. Astericus and Companions
St. Eugene
St. Flavian of Autun
St. Lupicinus
St. Lupus
St. Minervius
St. Quiriacus of Ostia
St. Restitutus
St. Theonas
St. Tydfil
St. Victor of Vita
St. Zacchaeus of Jerusalem